തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാൻ ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. ഇനി മുതൽ ഒരു ഡിവിഷനിൽ ഉൾപ്പെടുത്താവുന്ന വിദ്യാർത്ഥികളുടെ എണ്ണം 25 മുതൽ 35 വരെയായി കുറയും. ഇത് വഴി സ്കൂളുകളിലെ ആകെ വിദ്യാർഥികളുടെ എണ്ണവും പരിമിതപ്പെടുത്തും. കുട്ടികളുടെ എണ്ണം കുറയ്‌ക്കുന്നത് വഴി കുട്ടികൾക്ക് പഠനത്തിൽ ആവശ്യമായ ഗുണനിലവാരവും മതിയായ അടിസ്ഥാന സൗകര്യ ലഭ്യതയും ഉറപ്പാക്കാൻ സാധിക്കുമെന്നും ഖാദർ കമ്മിറ്റി നിർദ്ദേശിക്കുന്നു.
ഖാദർ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഓരോ ക്ലാസിലെയും ഡിവിഷനുകളിൽ കുട്ടികളുടെ എണ്ണം സംബന്ധിച്ചുള്ള ശുപാർശകൾ ഇങ്ങനെ
- പ്രീ സ്കൂളുകളിൽ ഒരു ക്ലാസ്സിൽ പരമാവധി 25 കുട്ടികൾ.
- ഒന്ന് ,രണ്ട് ക്ലാസുകളിൽ 25 കുട്ടികൾ മുതൽ 36 -വരെ
- മൂന്ന് നാല് ക്ലാസുകളിൽ 30 കുട്ടികൾ മുതൽ 36 -വരെ
- 5 ,6 7 ക്ലാസുകളിൽ 35 കുട്ടികൾ മുതൽ 40 വരെ
- അധികം വരുന്ന ഡിവിഷനിൽ 20 കുട്ടികളെങ്കിലും ഉണ്ടായിരിക്കണം എന്നാണ് നിർദ്ദേശം.
- 8 ,9 ,10 ,11 ,12 ക്ലാസുകളിൽ കുട്ടികളുടെ എണ്ണം 35 മുതൽ 40 വരെയും കുറയും
എൽ പി എസിൽ 250 കുട്ടികളും യുപിഎസിൽ 300 കുട്ടികളും ഹൈസ്കൂളിൽ 500 കുട്ടികളും ഹയർ സെക്കൻഡറിയിൽ 450 കുട്ടികളും പരമാവധി ആകാമെന്നാണ് നിർദ്ദേശം. കുട്ടികളുടെ എണ്ണം അനുസരിച്ച് ഡിവിഷൻ കൂട്ടിച്ചേർക്കാനും കുറയ്ക്കാനും എഇഒ ,ഡിഇഒ -മാർക്കുള്ള അധികാരം എടുത്തുകളയണമെന്നും ഖാദർ കമ്മിറ്റി മുന്നോട്ട് വച്ച റിപ്പോർട്ടിൽ പറയുന്നു .
കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദർ കമ്മറ്റി. ഡോ. എം. എ ഖാദർ ചെയർമാനും ജി. ജ്യോതിചൂഢൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത് 2017 സെപ്റ്റംബറിലാണ്. മൂന്നു മാസമായിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. എന്നാൽ കാലാവധി നീട്ടിക്കൊണ്ടേയിരുന്നു. സർവ ശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ എന്നിവ ലയിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ കമ്മിറ്റിയുടെ നിയമനം. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയാണ് സമിതിയുടെ പ്രധാന ചുമതല. 2019 ജനുവരി 24 ന് ഖാദർ കമ്മീഷൻ കേരള സർക്കാരിന് റിപ്പോർട്ടിന്റെ ഒന്നാം ഭാഗം സമർപ്പിച്ചു.