സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വിക്കറ്റുകൾക്കാണ് ടീം ജയിച്ചത്. സൂപ്പർ ബാറ്റർ സൂര്യകുമാർ യാദവിന്റെ സെഞ്ച്വറി മികവാണ് ടീമിന് എളുപ്പത്തിൽ ജയം സമ്മാനിച്ചത്. ഒരിക്കൽ കൂടി കാണികളെ തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ കൈയിലെടുത്ത സൂര്യ തന്നെയാണ് അവരുടെ വിജയ ശിൽപി.
മുംബൈ നിരയിൽ ഓപ്പണർമാർ മോശം പ്രകടനം കാഴ്‌ചവച്ചതോടെ ആദ്യഘട്ടത്തിൽ ടീം ഒന്ന് പതറിയിരുന്നു. രോഹിത് ശർമ്മയും ഇഷാൻ കിഷനുമെല്ലാം പരാജയപ്പെട്ടതോടെ മത്സരം എളുപ്പത്തിൽ വരുതിയിലാക്കാൻ ആയിരുന്നു കമ്മിൻസിന്റെയും പിള്ളേരുടെയും ശ്രമം, എന്നാൽ ഇത് വെറുതെയായി.
സൂര്യകുമാർ യാദവ് തന്നെയാണ് ഒരു സൈഡിൽ നിന്ന് അടിച്ചു തുടങ്ങിയത്. ടീമിനെ ജയിപ്പിക്കണം എന്നുറപ്പിച്ചു തന്നെയാണ് യാദവ് ഇന്ന് രംഗത്ത് വന്നത്. 51 പന്തിൽ ആറ് സിക്‌സറും 12 ബൗണ്ടറികളുമാണ് പറത്തിയത്. പിന്നെ എത്തിയ തിലക് വർമ്മയും കൂട്ടിന് ചേർന്നതോടെ കാര്യങ്ങൾ എളുപ്പമായി. ഹൈദരാബാദിന് വേണ്ടിയാവട്ടെ ബൗളർമാരിൽ കാര്യമായി ആർക്കും ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. എങ്കിലും ഭുവനേശ്വർ കുമാർ നന്നായി പന്തെറിഞ്ഞു.
പിന്നെ പ്രധാന ബൗളർമാരായ പാറ്റ് കമ്മിൻസ് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. മുംബൈക്ക് 174 റൺസ് വിജയലക്ഷ്യം ഒരുക്കിയാണ് ഹൈദരാബാദ് ആദ്യ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഹോം ഗ്രൗണ്ടിൽ രണ്ടാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്യുന്നതിന്റെ ആനുകൂല്യം മുതലാക്കുകയായിരുന്നു പാണ്ഡ്യയുടെയും കൂട്ടരുടെയും ലക്ഷ്യം.
ഹൈദരാബാദിന് വേണ്ടി ഓപ്പണിംഗിൽ ഇറങ്ങിയ ട്രാവിസ് ഹെഡ് മാത്രമാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്. ഹെഡിന് ഒഴികെ മറ്റാർക്കും സ്‌കോർ ബോർഡിൽ കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. ട്രാവിസ് ഹെഡ് 30 പന്തിൽ 48 റൺസാണ് നേടിയത്. ഏഴ് ബൗണ്ടറികളും ഒരു സിക്‌സറും ഉൾപ്പെടെ ആയിരുന്നു ഇത്. മറ്റൊരു ഓപ്പണറായ അഭിഷേക് ശർമ്മയ്ക്ക് ഇന്ന് അത്ര നല്ല ദിവസമായിരുന്നില്ല.
അഭിഷേക് പതിനാറ് പന്തിൽ കേവലം 11 റൺസ് മാത്രമാണ് നേടിയത്. പിന്നാലെ എത്തിയ മായങ്ക് അഗർവാളും നിരാശപ്പെടുത്തി. താരം ആറ് പന്തിൽ അഞ്ച് റൺസ് മാത്രമാണ് നേടിയത്. ഹൈദരാബാദിന്റെ സ്ഥിരം രക്ഷകന്മാരിൽ ഒരാളായ നിതീഷ് റെഡ്‌ഡി പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. താരം പതിനഞ്ച് പന്തിൽ 20 റൺസ് നേടിയാണ് പുറത്തായത്. ഹൈദരാബിന്റെ വെടിക്കെട്ട് വീരൻ ഹെൻറിച്ച് ക്ലാസന്റെ മോശം ഫോം ഇന്നും തുടർന്നു. നിർണായക ഘട്ടത്തിൽ പോലും താരത്തിന് ടീമിന് ആവശ്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല.
നാല് പന്തിൽ കേവലം രണ്ട് റൺസ് മാത്രം നേടിയാണ് താരം പുറത്തായത്. ഒടുവിൽ വാലറ്റത്ത് ഷഹബാസ് അഹമ്മദും അബ്‌ദുൾ സമദും ഒക്കെ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സ്‌കോർ ഉയർത്താനുള്ള ശ്രമം മോഹമായി തന്നെ തുടരുകയായിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ നായകൻ കമ്മിൻസിന് തന്നെ മത്സരം പിടിക്കാൻ ഇറങ്ങേണ്ടി വന്നു. കമ്മിൻസിന്റെ ബാറ്റിംഗാണ് ടീമിന് മികച്ച സ്‌കോർ സമ്മാനിച്ചത്. താരം അവസാന ഓവറുകളിൽ വിലപ്പെട്ട റൺസാണ് നേടിയത്.