ഓൺലൈൻ ചൂതാട്ട ഗെയിം കളിച്ചുണ്ടായ നഷ്ടം നികത്താനായി ഇൻഷുറൻസ് പണം നേടാൻ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫത്തേപൂർ സ്വദേശിയായ ഹിമാൻഷു എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹിമാൻഷു, സുപീ (Zupee) എന്ന ഗെയിമിംഗ് പ്ലാറ്റ്ഫോമിന് അടിമയാണെന്നും പണം ഉപയോഗിച്ച് ഗെയിം കളിയ്ക്കുകയും പലതവണ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടും ഹിമാൻഷു ഇത് തുടർന്നതായും പോലീസ് അറിയിച്ചു. നാല് ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടായതിനെത്തുടർന്ന് ഇൻഷുറൻസ് പോളിസി നേടാനാണ് ഹിമാൻഷു അമ്മയെ കൊലപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി.
ബന്ധുവായ സ്ത്രീയുടെ ആഭരണങ്ങൾ മോഷ്ടിച്ച് ഹിമാൻഷു തന്നെയാണ് അമ്മയായ പ്രഭയുടെയും അച്ഛൻ റോഷൻ സിംഗിന്റെയും പേരിൽ 50 ലക്ഷം രൂപയുടെ വീതം ഇൻഷുറൻസ് പോളിസിയെടുത്തത്. പിതാവ് ക്ഷേത്ര ദർശനത്തിന് പോയ സമയത്തായിരുന്നു ഹിമാൻഷു പ്രഭയെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം യമുനാ നദിയുടെ തീരത്ത് മറവ് ചെയ്യാനായിരുന്നു ഹിമാൻഷു പദ്ധതിയിട്ടത്. മൃതദേഹം ചാക്കിലാക്കി ട്രാക്ടറിൽ യമുനാതീരത്തെക്ക് കൊണ്ട് പോവുകയും ചെയ്തു.
പിതാവ് തിരികെ എത്തിയ ശേഷം ഭാര്യയെയും മകനെയും കാണാത്തതിനെത്തുടർന്ന് പരിസര പ്രദേശങ്ങളിലെല്ലാം അന്വേഷിച്ചു. ഇതിനിടെയാണ് ഹിമാൻഷുവിനെ ട്രാക്ടറിൽ നദീ തീരത്ത് കണ്ടതായി ഒരാൾ പറഞ്ഞത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും പോലീസ് എത്തി മൃതദേഹം യമുനാ നദിയിൽ നിന്നും കണ്ടെത്തുകയും ചെയ്തു. ഒളിവിലായിരുന്ന ഹിമാൻഷുവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഹിമാൻഷു കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ വിജയ് ശങ്കർ മിശ്ര പറഞ്ഞു.