വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ഗ്ലെൻ മാക്‌സ്‌വെല്ലിനെയും പാറ്റ് കമ്മിൻസിനെയും 13 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റാർ ബാറ്റർ സ്റ്റീവ് സ്മിത്ത് ടീമിനെ നയിക്കും. യുവതാരം ജേക്ക് ഫ്രേസർ-മക്‌ഗുർക്ക്, അൺക്യാപ്ഡ് പേസർ സേവ്യർ ബാർട്ട്ലെറ്റ് എന്നിവർക്ക് അവസരം നൽകി.
ഓസ്‌ട്രേലിയൻ വണ്ടർ ബാറ്റർമാരിൽ ഒരാളായാണ് ഫ്രേസർ-മക്‌ഗുർക്ക് പരക്കെ കണക്കാക്കപ്പെടുന്നത്. ഈ സീസണിന്റെ തുടക്കത്തിൽ ഓസ്‌ട്രേലിയയിൽ നടന്ന മാർഷ് കപ്പിൽ 29 പന്തിൽ സെഞ്ച്വറി നേടി 21-കാരൻ ലോക റെക്കോർഡ് കുറിച്ചിരുന്നു. മാക്‌സ്‌വെല്ലിന് പകരമാണ് യുവതാരം ടീമിലെത്തുന്നത്. വെസ്റ്റ് ഇൻഡീസിനും ന്യൂസിലൻഡിനുമെതിരായ ടി20 മത്സരങ്ങൾ കണക്കിലെടുത്താണ് മാക്‌സ്‌വെല്ലിന് വിശ്രമം അനുവദിച്ചിരിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ.
ലാൻസ് മോറിസ് ഓസീസ് ടീമിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കും. മിച്ചൽ മാർഷ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസിൽവുഡ് എന്നിവർക്ക് 50 ഓവർ പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 6 വരെയാണ് ഓസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര. ബ്രിസ്‌ബേൻ, സിഡ്‌നി, കാൻബെറ എന്നിവിടങ്ങളിലാണ് മത്സരം.
വെസ്റ്റ് ഇൻഡീസിനെതിരായ ഓസ്‌ട്രേലിയയുടെ ഏകദിന ടീം: സ്റ്റീവൻ സ്മിത്ത് (C), സീൻ അബോട്ട്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷാഗ്നെ, ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ലാൻസ് മോറിസ്, മാറ്റ് ഷോർട്ട്, ആദം സാമ്പ.