ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

0
141

ഇന്ത്യയുടെ ബജറ്റ് വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ക്ക് 30% വരെ കിഴിവ് നല്‍കുന്നു. ടാറ്റ ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ‘ക്രിസ്മസ് കംസ് എര്‍ലി’ സെയില്‍ എന്ന പേരിലാണ് ക്രിസ്മസ്, പുതുവല്‍സര ഓഫര്‍ പ്രഖ്യാപിച്ചത്. ഡിസംബര്‍ രണ്ടു മുതല്‍ 2024 മെയ് 30 വരെ നടത്തുന്ന യാത്രകള്‍ക്കാണ് ഈ ആനുകൂല്യം. ടിക്കറ്റുകള്‍ നവംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യണം. ഇതിനു ശേഷം വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് നിരക്കിളവ് ബാധകമല്ല.നിരക്കിളവിനു പുറമേ എയര്‍ലൈനിന്റെ മൊബൈല്‍ ആപ്പിലും എയര്‍ഇന്ത്യഎക്‌സ്പ്രസ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലും ലോഗിന്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ എക്‌സ്പ്രസ് എഹെഡ് സേവനങ്ങളും സീറോ കണ്‍വീനിയന്‍സ് ഫീ സൗകര്യവും അധികമായി ലഭിക്കും.
ബെംഗളൂരുവില്‍ നിന്ന് കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം, മംഗലാപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും ചെന്നൈ- തിരുവനന്തപുരം, കണ്ണൂര്‍- തിരുവനന്തപുരം തുടങ്ങിയ റൂട്ടുകളിലും എയര്‍ ഇന്ത്യ എക്സ്പ്രസ് മികച്ച നിരക്കാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഹൈദരാബാദിനെ കൊച്ചി, ലഖ്നൗ, അമൃത്സര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകളും എയര്‍ലൈന്‍ അടുത്തിടെ ആരംഭിച്ചതായി എയര്‍ലൈന്‍ അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.ടാറ്റ ന്യൂപാസ് റിവാര്‍ഡ്സ് പ്രോഗ്രാമിലെ അംഗങ്ങള്‍ക്ക് ഭക്ഷണം, സീറ്റുകള്‍, ബാഗേജുകള്‍, മാറ്റം, റദ്ദാക്കല്‍ ഫീസ് ഇളവുകള്‍ എന്നിവ പോലുള്ള എക്സ്‌ക്ലൂസീവ് മെമ്പര്‍ ആനുകൂല്യങ്ങള്‍ക്ക് പുറമേ എട്ടു ശതമാനം വരെ ന്യൂകോയിന്‍സും ലഭിക്കും. ലോയല്‍റ്റി അംഗങ്ങള്‍ക്ക് പുറമേ വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ആശ്രിതര്‍, സായുധ സേനാംഗങ്ങള്‍ എന്നിവര്‍ക്കും വെബ്‌സൈറ്റില്‍ പ്രത്യേക നിരക്കുകള്‍ ലഭിക്കും.

വൈവിധ്യമാര്‍ന്ന ഭക്ഷണം, സുഖപ്രദമായ ഇരിപ്പിടങ്ങള്‍, എയര്‍ഫ്ലിക്സ് ഇന്‍-ഫ്ലൈറ്റ് എക്സ്പീരിയന്‍സ് ഹബ്, എക്സ്‌ക്ലൂസീവ് ലോയല്‍റ്റി ആനുകൂല്യങ്ങളും യാത്രക്കാര്‍ക്ക് ലഭ്യമാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിദിനം 300ലധികം വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. 30 ആഭ്യന്തര വിമാനത്താവളങ്ങളിലേക്കും 14 അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനങ്ങളിലേക്കുമാണ് സര്‍വീസ്. ബോയിങ് 737 ഇനത്തിലുള്ള 29 വിമാനങ്ങളും എയര്‍ബസ് എ320 നത്തിലുള്ള 28 വിമാനങ്ങളും ഉള്‍പ്പെടെ 57 വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. അടുത്തിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് ബ്രാന്‍ഡ് ഐഡന്റിറ്റി പരിഷ്‌കരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here