കൊച്ചി: ഷവർമയിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിക്കുന്ന യുവാവ് അതീവ ഗുരുതരാവസ്ഥയിൽ. പാലാ സ്വദേശി രാഹുൽ ആണ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ ആയതോടെ വെന്‍റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണ് രാഹുലിനെ പ്രവേശിപ്പിച്ചിട്ടുള്ളത്.
രാഹുലിന് ഷവർമയിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റതായാണ് സംശയം. എന്നാൽ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാഹുലിന് ഭക്ഷ്യവിഷബാധയേറ്റോ എന്നറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധന ഫലം ഇന്ന് ലഭ്യമാകുമെന്നാണ് സൂചന.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി കാക്കനാട് മാവേലിപുരത്തെ ഹോട്ടലിൽ നിന്നും ഓൺലൈൻ ആയി വാങ്ങിയ ഷവർമ കഴിച്ച ശേഷമാണ് രാഹുലിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഞായറാഴ്ചയാണ് ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ പ്രവേശിച്ചശേഷം ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. ആന്തരികാവയവങ്ങൾക്ക് തകരാറും, രണ്ടുതവണ ഹൃദയാഘാതവും ഉണ്ടായി. പരാതി ഉയർന്ന ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം പൂട്ടിയിരുന്നു. ഇവിടെ നിന്ന് ഭക്ഷണ സാംപിളുകളും അധികൃതർ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.