തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിപ്പോയതടക്കമുള്ള ബിവറേജസ് ഷോപ്പുകൾ ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും പുതിയ ബിവറേജുകൾ തൽക്കാലം തുറക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുന്നതിനാലാണ് പുതിയ ഷോപ്പുകൾ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബെവ്കോ എത്തിയത്. ഇതുസംബന്ധിച്ച് വാക്കാൽ നിർദേശം നൽകിയതായി മനോരമ റിപ്പോർട്ട് ചെയ്തു.
പൂട്ടിപ്പോയ 68 ഷോപ്പുകളും പുതിയ 175 ഷോപ്പുകളും ആരംഭിക്കാൻ ബെവ്കോയ്ക്ക് കഴിഞ്ഞവർഷം സർക്കാർ അനുമതി നൽകിയിരുന്നു. ഇതിൽ ഏഴെണ്ണം തുറക്കുകയും ചെയ്ത ശേഷമാണ് തൽക്കാലം കൂടുതൽ ഷോപ്പുകൾ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബെവ്കോ എത്തിയത്.
കൂടുതൽ ഷോപ്പുകൾ ആരംഭിക്കുമ്പോൾ പ്രദേശവാസികളുടെ ഭാഗത്ത് നിന്നും എതിർപ്പുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരമൊരു സാഹചര്യമുണ്ടായാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് സാധ്യതയുണ്ട്. ഇതോടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ പുതിയ ഷോപ്പുകൾ ആരംഭിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബെവ്കോ എത്തിയത്.