ധനമന്ത്രിയുടെ സഹോദരൻ ധനലക്ഷ്മി ബാങ്ക് ചെയർമാൻ.

0
48

തൃശൂര്‍ ആസ്ഥാനമായ സംസ്ഥാനത്തെ പ്രമുഖ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചെയര്‍മാനെ ലഭിച്ചു. നിലവില്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായ കെ എന്‍ മധുസൂദനനെ മൂന്ന് വര്‍ഷക്കാലാവധിയില്‍ ഇടക്കാല ചെയര്‍മാനായി നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കി. നിയമനം ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു. സംസ്ഥാന ധനകാര്യമന്ത്രി കെ എൻ ബാലഗോപാലിന്റെ ജ്യേഷ്ഠ സഹോദരനാണ് കലഞ്ഞൂർ മധു എന്ന് അറിയപ്പെടുന്ന കെ എന്‍ മധുസൂദനൻ. മുൻ പ്ലാനിംഗ് ബോർഡംഗം കെ എൻ ഹരിലാൽ മറ്റൊരു സഹോദരനാണ്. പത്തനംതിട്ട കലഞ്ഞൂർ സ്വദേശിയാണ്.

2022 നവംബര്‍ 9നാണ് കെ എന്‍ മധുസൂദനന്‍ ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമായത്. മാവനാല്‍ ഗ്രാനൈറ്റ്‌സിന്റെ പ്രമോട്ടറും മാനേജിംഗ് ഡയറക്ടറുമായ മധുസൂദനന് ധനലക്ഷ്മി ബാങ്കില്‍ 0.19 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്ന് ബാങ്കിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. മാവനാല്‍ ഗ്രാനൈറ്റ്‌സിന് 0.17 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. വിവിധ ബിസിനസുകളില്‍ പങ്കാളിയായ മധുസൂദനന്‍ വജ്ര സാന്‍ഡ് ആന്‍ഡ് ഗ്രാനൈറ്റ് മൈനിംഗ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, മാവനാല്‍ ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെയും മാനേജിംഗ് ഡയറക്ടറാണ്. കൂടാതെ കെഎന്‍എം പ്ലാന്റേഷന്‍സ്, കെഎന്‍എം ഫാംസ് എന്നിവയുടെ ഡെസിഗ്നേറ്റഡ് പാര്‍ട്ണറുമാണ്.

26 വർഷത്തിലേറെയായി നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) ഡയറക്ടർ ബോർഡംഗമായിരുന്നു. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായുള്ള ഭിന്നതകളെ തുടർന്ന് ഇക്കഴിഞ്ഞ ജൂണില്‍ ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. പകരം കെ ബി ഗണേഷ് കുമാറിനെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ചെയർമാനെ നിയമിക്കുന്നത് രണ്ടുവർഷത്തിനുശേഷം

ധനലക്ഷ്മി ബാങ്കിന്റെ ഇടക്കാല ചെയര്‍മാനായിരുന്ന ജി സുബ്രഹ്‌മണ്യ അയ്യര്‍ 2021 ഡിസംബറില്‍ രാജിവച്ചശേഷം ധനലക്ഷ്മി ബാങ്കില്‍ ചെയര്‍മാന്‍ പദവി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. തൊട്ടുമുമ്പ് ചെയര്‍മാന്‍ പദവി വഹിച്ചിരുന്ന സജീവ് കൃഷ്ണന്‍ 2020 ജൂണില്‍ രാജിവച്ചൊഴിഞ്ഞിരുന്നു. മറ്റൊരു സ്വതന്ത്ര ഡയറക്ടറായ ജി രാജഗോപാലന്‍ നായരെ ഇടക്കാല ചെയര്‍മാനായി നിയമിക്കണമെന്ന് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡും നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റിയും (എന്‍ആര്‍സി) ചേര്‍ന്ന് നല്‍കിയ ശുപാര്‍ശ കഴിഞ്ഞ മേയില്‍ റിസര്‍വ് ബാങ്ക് തള്ളിയിരുന്നു.

മാനേജിംഗ് ഡയറക്ടര്‍, മറ്റ് ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് കഴിഞ്ഞദിവസം ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടര്‍ ശ്രീധര്‍ കല്യാണസുന്ദരം രാജിവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here