ചെന്നൈ: വ്യാഴാഴ്ച രാവിലെ ചെന്നൈ വിമാനത്താവളത്തിലെത്തിയ ഒമാൻ എയറിലെ ഒട്ടുമിക്ക യാത്രിക്കാരുടെ കൈകളിൽ പുത്തൻ ആപ്പിൾ, ഗൂഗിൾ ഫോണുകൾ കണ്ടപ്പോൾ തന്നെ കസ്റ്റംസിന് സംശയം തോന്നി. വിമാനത്തിലെ 186 യാത്രക്കാരെയും ചോദ്യം ചെയ്യലിനായി അറൈവൽ ലോഞ്ചിൽ എത്തിച്ചു. ചോദ്യങ്ങൾക്കുള്ള മറുപടി കസ്റ്റംസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. വിമാനത്തിൽ കയറിയ ശേഷം സഹയാത്രികനാണ് ഫോണുകൾ കൈമാറിയതെന്ന് ചില യാത്രക്കാർ ഉദ്യോഗസ്ഥരോട് പറഞ്ഞു. വിമാനത്താവളത്തിന് പുറത്ത് ഫോണുകൾ തിരികെ നൽകുമ്പോൾ പെർഫ്യൂമുകളും ചോക്ലേറ്റുകളും വാഗ്ദാനം നൽകിയെന്നും യാത്രക്കാർ കസ്റ്റംസിനോട് പറഞ്ഞു.
ഏകദേശം 14 കോടി രൂപയോളം വില വരുന്ന സാധനങ്ങളാണ് നികുതിവെട്ടിച്ച് കടത്താന്‍ ശ്രമിച്ചത്. 186 യാത്രക്കാരില്‍ 113 പേര്‍ക്കെതിരേയും കേസെടുത്തു. സ്വർണവും ഇലക്‌ട്രോണിക്സ് സാധനങ്ങളും സിഗററ്റുകളും കുങ്കുമപ്പൂവ് വരെ കടത്താന്‍ ഉപയോഗിച്ച വസ്തുക്കളില്‍ പെടുന്നു. സ്യൂട്ട്‌കേസുകളുടെയും ബാഗുകളുടെയും രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എല്ലാം.
13 കിലോയോളം വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റ്, മിശ്രിതം, സ്പ്രിംഗ് വയര്‍ തുടങ്ങിയ പല രൂപത്തില്‍ അടിവസ്ത്രങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ലാപ്‌ടോപ്പുകള്‍, 120 ഐഫോണുകള്‍ 84 ആന്‍ഡ്രോയ്ഡ് ഫോണുകള്‍, വിദേശ സിഗററ്റ്, കുങ്കുമപ്പൂവ് എന്നിങ്ങനെ വിവിധ വസ്തുക്കള്‍ പിടിച്ചെടുത്തവയില്‍ ഉണ്ടായിരുന്നു.
യാത്രക്കാരെയെല്ലാം പരിശോധിക്കാന്‍ മണിക്കൂറുകളോളം എടുത്തു. യാത്രക്കാരില്‍ 73 പേര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്നാണ് മറ്റ് 113 യാത്രക്കാരെ പൊലീസ് തിരച്ചില്‍ നടത്തിയത്. അടിവസ്ത്രത്തിനുള്ളില്‍ ഇവര്‍ സ്വര്‍ണക്കട്ടികളും സ്വര്‍ണവളകളും ഒളിപ്പിച്ചിരുന്നതായി കണ്ടെത്തി. 113 പേര്‍ക്കെതിരെ കസ്റ്റംസ് നിയമപ്രകാരം കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.
ചോക്‌ളേറ്റ്, പെര്‍ഫ്യൂം, പണം എന്നിവയെല്ലാം വാഗ്ദാനം ചെയ്താണ് കള്ളക്കടത്ത് സംഘം യാത്രക്കാരെ സ്വാധീനിച്ചത്. ചെന്നൈ വിമാനത്താവളത്തില്‍ എത്തി ഫോണ്‍ കൈമാറിയാലുടന്‍ ഇവ ലഭിക്കുമെന്നും പറഞ്ഞു. കള്ളക്കടത്ത് സാധനങ്ങളുമായി മസ്‌ക്കറ്റില്‍ നിന്നും ചെന്നൈയിലേക്ക് വരുന്ന വിമാനത്തില്‍ 100 ലധികം പേര്‍ വരുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം കിട്ടുകയായിരുന്നു. കള്ളക്കടത്തു സംഘത്തിലെ ആള്‍ ആരാണെന്ന് വ്യക്തമാകാത്തതിനാലാണ് എല്ലാ യാത്രക്കാരെയൂം പരിശോധന നടത്തിയത്.