രണ്ടുപതിറ്റാണ്ടിന് ശേഷം വീണ്ടും തിയേറ്ററുകളിലെത്തിയ പവൻ കല്യാൺ-മീര ജാസ്മിൻ ചിത്രം ’ഗുഡുംബ ശങ്കർ’ നെ ഇരുകൈയുംനീട്ടി വരവേറ്റ് തെലുങ്ക് പ്രേക്ഷകർ. പവൻ കല്യാണിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ചിത്രം റീ റിലീസ് ചെയ്തത്. ചിത്രത്തിന് ലഭിച്ച ഗംഭീര വരവേൽപ്പിനൊപ്പം മീര ജാസ്മിനും തെലുങ്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത വർധിച്ചു.
പവൻ കല്യാണും മീര ജാസ്മിനും ഒരുമിച്ചുള്ള രംഗങ്ങൾ സോഷ്യൽമീഡിയയിൽ ആഘോഷമാക്കുകയാണ് ആരാധകർ. മീര ജാസ്മിൻ വീണ്ടും തെലുങ്കിൽ സജീവമാകണമെന്നാണ് ആരാധകരുടെ ആവശ്യം. 2004-ൽ പുറത്തിറങ്ങിയ ’ഗുഡുംബ ശങ്കർ’ 19 വർഷത്തിന് ശേഷമാണ് വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും പവൻ കല്യാണിന്റേതാണ്. നാഗേന്ദ്ര ബാബു നിർമിച്ച ചിത്രം വീരശങ്കർ ബൈരിസെട്ടിയാണ് സംവിധാനം ചെയ്തത്.
ചിത്രം വീണ്ടുമെത്തുന്നതിന്റെ സന്തോഷം നേരത്തെ മീര ജാസ്മിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഹൃദയത്തിന്റെ നിധിശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന വിലമതിക്കാനാകാത്ത ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം എന്ന് പറഞ്ഞുകൊണ്ട് ഗുഡുംബ ശങ്കറിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു. പവൻ കല്യാണിന്റെ ദയയും സഹാനുഭൂതിയും അനുകമ്പയും കാഴ്ചപ്പാടുകളും തന്റെ ജീവിതത്തിലേയും സിനിമയിലേയും പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യുന്നതിൽ പങ്കുവഹിച്ചുവെന്നും മീര ജാസ്മിൻ പറഞ്ഞു. ഈ ഓർമ്മകൾ പങ്കുവെക്കാനായത് ആദരവാണെന്നും മീര ജാസ്മിൻ കുറിച്ചിരുന്നു. കല എല്ലായ്പ്പോഴും നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും മീര ജാസ്മിൻ കൂട്ടിച്ചേർത്തു.
ജയറാം നായകനായെത്തിയ മകൾ എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം മീര ജാസ്മിൻ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. ക്വീൻ എലിസബത്താണ് റിലീസിന് തയാറെടുക്കുന്ന മീര ജാസ്മിൻ ചിത്രം. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ-നരേൻ ജോഡി ഒന്നിക്കുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.