‘കേരള’ എന്നല്ല ‘കേരളം’; തിരുത്തിനായുള്ള പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി.

0
70

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയിൽ ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളം എന്നാക്കി ഭേദഗതി ചെയ്യുന്നതിന് സഭ കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. ഭരണഘടന അനുസരിച്ച് ഇതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി.

പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാസായതോടെ സർക്കാർ രേഖകളിലടക്കം ‘കേരളം’ എന്ന നാമം ഉപയോഗത്തിൽ വരും. ഭരണഘടനയിലും ഔദ്യോഗികമായി മലയാളത്തിലും ഇംഗ്ലീഷിലുമുള്ള എഴുത്തിലും ഈ മാറ്റം പ്രകടമാകും.

സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും ‘കേരളം’ എന്നാക്കി മാറ്റുന്നതിന് കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം

നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയില്‍ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ 1-നാണ്. കേരളപ്പിറവി ദിനവും നവംബര്‍ 1-നാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ഐക്യകേരളം രൂപപ്പെടണമെന്നത് ദേശീയ സ്വാതന്ത്ര്യസമര കാലം മുതല്‍ ശക്തമായി ഉയര്‍ന്നുവന്നിരുന്ന ആവശ്യമാണ്. എന്നാല്‍ ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ഈ നിയമസഭ ഏകകണ്ഠമായി യൂണിയന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും നമ്മുടെ നാട് ‘കേരളം’ എന്ന പേരില്‍ മാറ്റണമെന്നും ഈ സഭ അഭ്യര്‍ത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here