മിസോറാം ബിജെപി നേതാവ് ആർ വൻറാംചുവാംഗ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചു. ജൂലൈ 13 നാണ് രാജിക്കത്ത് സമർപ്പിച്ചത്. മണിപ്പൂരിലെ ക്രിസ്ത്യൻ പള്ളികൾ നശിപ്പിച്ചതിൽ സംസ്ഥാന-കേന്ദ്ര സർക്കാരിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് രാജി.
അതേസമയം, ക്രിസ്ത്യാനികളോട് കാണിക്കുന്ന “ക്രിമിനൽ അനീതിക്കെതിരെ പ്രതിഷേധിക്കുന്നതിന്” വേണ്ടിയാണ് താൻ ഈ തീരുമാനമെടുത്തതെന്ന് വൻറാംചുവാംഗ പറഞ്ഞു. മണിപ്പൂരിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട വംശീയ സംഘട്ടനങ്ങളുടെ ഫലമായി, 357 ക്രിസ്ത്യൻ പള്ളികളും പാസ്റ്റർ ക്വാർട്ടേഴ്സുകളും തകർന്നു. കൂടാതെ വിവിധ മതസ്ഥാപനങ്ങളുടെ ഓഫീസ് കെട്ടിടങ്ങളും മൈതി തീവ്രവാദികൾ കത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ ഇംഫാൽ സന്ദർശന വേളയിൽ പള്ളി കെട്ടിടങ്ങൾ കത്തിച്ചതിന് പിന്നിലെ കുറ്റവാളികളെ അപലപിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. മിസോറം സംസ്ഥാന പ്രസിഡന്റിന് അയച്ച കത്തിൽ വൻരാംചുവാംഗ ആരോപിച്ചു.
ക്രിസ്ത്യൻ പള്ളികൾ കത്തിക്കുന്നതിനെ അപലപിക്കാൻ കേന്ദ്ര സർക്കാർ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂരിൽ ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വൻറാംചുവാംഗയുടെ രാജി. സംസ്ഥാനത്തിലെ മെയ്തേയ്, കുക്കി വിഭാഗങ്ങൾക്കിടയിൽ വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതുവരെ 150-ലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മെയ് 3 ന് പട്ടികവർഗ (എസ്ടി) പദവി ആവശ്യപ്പെട്ട് സംസ്ഥാനത്തെ മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് ശേഷമാണ് ഇരു സമുദായങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. സംഘർഷത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. അർധസൈനിക വിഭാഗത്തിന്റെ സാന്നിധ്യമുണ്ടായിട്ടും ഇപ്പോഴും മണിപ്പൂരിൽ അക്രമങ്ങൾ തുടരുകയാണ്.