മോദിയുടെ ഫ്രാൻസ് സന്ദർശനത്തിനിടെ റാഫേൽ നാവിക വിമാനങ്ങൾക്കായി ഇന്ത്യ കരാർ ഒപ്പിടാൻ സാധ്യത. ഫ്രാൻസിൽ നിന്ന് 26 റാഫേൽ എം നേവൽ ജെറ്റുകളും മൂന്ന് അധിക സ്കോർപീൻ അന്തർവാഹിനികളും വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ജൂലൈ 14 നും 16 നും ഇടയിലാണ് മോദിയുടെ ഫ്രാൻസ് സന്ദർശനം. പ്രതിരോധ സംഭരണ ബോർഡ് (ഡിപിപി) തിങ്കളാഴ്ച ഇടപാടുകൾക്ക് അനുമതി നൽകി.
ഏകദേശം 90,000 കോടി രൂപയുടെ ഇടപാടുകളിൽ 22 സിംഗിൾ സീറ്ററും നാല് ഡബിൾ സീറ്റർ ട്രെയിനർ പതിപ്പും അടങ്ങുന്ന 26 റാഫേൽ എം വിമാനങ്ങൾ ഉൾപ്പെടും. പ്രോജക്ട് 75 ന് കീഴിലുള്ള സ്കോർപീൻ ഇടപാടിന്റെ ഭാഗമായിരിക്കും മൂന്ന് അധിക അന്തർവാഹിനികൾ എന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളിൽ വിന്യസിക്കാൻ ഉദ്ദേശിച്ചുള്ളതാണ് റാഫേൽ വിമാനങ്ങൾ.
ഇന്ത്യൻ നാവികസേനയ്ക്ക് വിമാനങ്ങളുടെയും അന്തർവാഹിനികളുടെയും ക്ഷാമം നേരിടുന്നുണ്ട്. നിലവിൽ മിഗ്-29 ഉപയോഗിക്കുന്ന ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നിവയിൽ ഇന്ത്യൻ നാവികസേന ഈ വിമാനങ്ങൾ ഉപയോഗിക്കും.
ജൂലൈ 14ന് പാരീസിൽ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിൽ മുഖ്യാതിഥിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തുന്നത്. അദ്ദേഹത്തോടൊപ്പം ഇന്ത്യൻ സൈന്യത്തിന്റെ പഞ്ചാബ് റെജിമെന്റിലെ സൈനികർ ഉൾപ്പെടെ ഇന്ത്യൻ സൈന്യത്തിന്റെ ഒരു സംഘം പരേഡിൽ പങ്കെടുക്കും.