പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാമത്തെ മീറ്റിംഗിലേക്ക് ആം ആദ്മി പാര്‍ട്ടിയെ ക്ഷണിച്ച് കോണ്‍ഗ്രസ്. ബാംഗ്ലൂര്‍ വച്ച് നടത്തുന്ന യോഗത്തിലേക്കാണ് കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയെ ക്ഷണിച്ചിരിക്കുന്നത്. 2024ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യമുണ്ടാക്കുന്നതിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രണ്ടാമതും യോഗം ചേരുന്നത്. എന്നാല്‍ ഡല്‍ഹി ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് നിലപാടെടുത്താല്‍ മാത്രമേ പങ്കെടുക്കുകയുള്ളൂവെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. പാര്‍ലമെന്റ് സമ്മേളനത്തിന് 15 ദിവസം മുന്‍പ് ഓര്‍ഡിനന്‍സിനെതിരായി നിലപാട് സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നതായും ആം ആദ്മി പാര്‍ട്ടി ഓര്‍മിപ്പിച്ചു.
പാറ്റ്നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യ നിര്‍ണായക യോഗത്തില്‍ വിവാദ ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ ഭാവി യോഗങ്ങളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അധികാരം സര്‍ക്കാരിനാണെന്ന സുപ്രിംകോടതി ഉത്തരവിനെ മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നത്.
ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് ഉടന്‍ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവരുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ തങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയ്ക്ക് തയാറാകൂ എന്നും ഛദ്ദ എഎന്‍ഐയോട് പറഞ്ഞു.