രാഹുൽ ഗാന്ധിക്ക് തിരിച്ചടി, അയോഗ്യത തുടരും.

0
101

അഹമ്മദാബാദ് : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മാനനഷ്ടക്കേസിൽ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ അയോഗ്യത തുടരും. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയിൽ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. 10 ലേറെ ക്രിമിനൽ കേസുകൾ രാഹുലിനെതിരെയുണ്ടെന്നും രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായി കോടതി നിരീക്ഷിച്ചു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്‍റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് കേസ് നൽകിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിഷയായ 2 വർഷം തടവ് വിധിച്ചതോടെയാണ് രാഹുൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്. ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയിലെത്തിയത്.

2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ 2019 ഏപ്രിൽ 13 നാണ് സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയേയും നികുതി തട്ടിപ്പ് നടത്തിയ ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉപമിച്ചുകൊണ്ട് രാഹുൽ ഗാന്ധി പ്രസംഗിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ഏപ്രിൽ 16 ന് രാഹുലിന്‍റെ പരാമർശം മോദി സമുദായത്തിൽ നിന്നുള്ളവരെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ബിജെപി നേതാവും സൂറത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ പൂർണേഷ് മോദി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ജൂൺ 7 ന് കേസ് പരിഗണിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ബി.എച്ച്. കപാഡിയ രാഹുൽ ഗാന്ധിക്ക് സമൻസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. നേരിട്ട് ഹാജരാവുന്നതിൽ നിന്ന് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് ആദ്യം ഇളവ് നല്‍കി. പിന്നീട് 2019 ഒക്ടോബർ 10 ന് രാഹുൽ ഗാന്ധി സൂറത്ത് കോടതിയില്‍ ഹാജരായി താൻ നിരപരാധിയാണ് എന്ന് ബോധിപ്പിച്ചു. 2020 ജൂൺ 15 ജസ്റ്റിസ്  ദവെ കേസ് ഏറ്റെടുക്കാൻ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ സാക്ഷി മൊഴികൾ രേഖപ്പെടുത്താൻ തുടങ്ങി. രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ ഹാജരായി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എ.എൻ ദവെയ്ക്കു മുന്നിൽ മൊഴി രേഖപ്പെടുത്തി. താൻ പരിഹാസമാണ് ഉദ്ദേശിച്ചതെന്നും അതൊരു തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗമാണെന്നും മറുപടി നൽകി.

2023  മാർച്ച് 23 ന് കോൺഗ്രസിനെ ഞെട്ടിച്ച് കൊണ്ട്  സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച് എച്ച് വർമ്മ രാഹുൽ ഗാന്ധിയെ ആ കുറ്റത്തിനുള്ള പരമാവധി ശിക്ഷയായ  രണ്ടു വർഷത്തെ തടവിനും 15000 രൂപ പിഴയ്ക്കും ശിക്ഷിക്കുന്നു. അപ്പീല്‍ നല്‍കാന്‍ ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചു. 2023 മാർച്ച് 24  ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽകുമാർ സിംഗ് ശിക്ഷ വിധിക്കപ്പെട്ട അന്നുമുതല്‍ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദായതായി പ്രഖ്യാപിക്കുന്നു.  2023 ഏപ്രില്‍ 25 ന് കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യമായി രാഹുല്‍ ഗുജറാത്ത് കോടതിയെ സമീപിച്ചു. 2023 മേയ് 2 രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ ഹൈക്കോടതിയില്‍ അന്തിമവാദം.കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. വേനലവധിക്ക് ശേഷം വിധി പറായാനായി മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here