രണ്ട് മാസം, 5 തവണ ഭക്ഷ്യവിഷബാധ.

0
81

ബെം​ഗളൂരൂ: കർണാടകയിലെ ഹാസൻ ജില്ലയിലുള്ള കെ ആർ പുരത്തെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ. മലയാളികളുൾപ്പെടെ അറുപതോളം വിദ്യാർത്ഥികളെ ഹാസനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. രണ്ട് മാസത്തിനിടെ അഞ്ചാം തവണയാണ് ഇവിടെ വിദ്യാർഥികൾക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയുണ്ടാകുന്നത്.  തീർത്തും വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്നും പല തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കി.

ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കോളേജ് പരാതി ഒത്തുതീർപ്പാക്കുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു. കൂട്ടത്തോടെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെത്തുടർന്ന് രണ്ടാഴ്ച മുമ്പ് കോളേജ് അടച്ചിട്ടിരുന്നു. തിരികെ വന്നപ്പോഴാണ് വീണ്ടും വിദ്യാർഥികൾ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായത്. ആശുപത്രിയിലായവരിൽ നിരവധി മലയാളി വിദ്യാർഥികളുമുണ്ട്. കെ ആർ പുരം രാജീവ് നഴ്സിംഗ് കോളേജിലാണ് ഭക്ഷ്യവിഷബാധ. ഇത്രയധികം വിദ്യാർത്ഥികൾ ആശുപത്രിയിലായതിനെ തുടർന്ന് കർശന നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here