കാനഡയിലെ കാട്ടുതീ കാരണം ന്യൂയോർക്ക് നഗരത്തിലാകെ പുകമൂടി.

0
69

കാനഡയിലെ കാട്ടുതീ കാരണം ന്യൂയോർക്ക് നഗരത്തിലാകെ പുകമൂടി. മാത്രമല്ല ഇവിടെവായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലെത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള അപകടകരമായ പുക ന്യൂയോർക്ക് സിറ്റിയിലും ട്രൈ-സ്റ്റേറ്റ് ഏരിയയിലുമാകെ പടർന്നിരിക്കുകയാണ്. പ്രധാന വിമാനത്താവളങ്ങളിലെല്ലാം വിമാനങ്ങൾ സർവീസ് നിർത്തി വച്ചിരിക്കുകയാണ്. മേജർ ലീഗ് ബേസ്ബോൾ ഗെയിമുകളും മാറ്റിവച്ചു. മഹാമാരിയുടെ കാലഘട്ടത്തിലെന്നപോലെ ആളുകൾ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. ന്യൂയോർക്ക് നഗരത്തിലെ തെരുവുകളുടെ നിറം ബുധനാഴ്ച ഉച്ചകഴിഞ്ഞതോടെ ഓറഞ്ച് നിറമായി മാറി. നഗരം ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരത്തിന്റെ പട്ടികയിൽ ഒന്നാമതെത്തി.

ന്യൂയോർക്കുകാർ മുൻകരുതലുകൾ എടുക്കണമെന്ന മുന്നറിയിപ്പുമായി മേയർ എറിക് ആഡംസും പ്രസ്താവന ഇറക്കിയിട്ടുണ്ട്. എയർ ക്വാളിറ്റി ഇൻഡക്‌സ് 484 ൽ എത്തിയതായി അദ്ദേഹം പറഞ്ഞു. അതിന്റെ പരമാവധി 500 ആണ്. ഗവൺമെന്റിന്റെ വായു ഗുണനിലവാര സൂചിക അനുസരിച്ച് 300-ന് മുകളിലെത്തിയാൽ തന്നെ അത് “അപകടകരമായി” കണക്കാക്കുന്നു. ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. വായുമലിനീകരണം എല്ലാ അതിരും ലംഘിച്ച് പടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

നിലവിലെ സ്ഥിതിവിശേഷം കുറച്ച് നാൾ നീണ്ട് നിൽക്കാനിടയുണ്ടെന്ന് എമർജൻസി മാനേജ്‌മെന്റ് കമ്മീഷണർ സാച്ച് ഇസ്‌കോൾ പറഞ്ഞു. ഇത് സാധാരണമായ ഒന്നല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. പോലീസുകാർക്കും ഫയർ സ്റ്റേഷനുകളിലും മാസ്‌കുകൾ വിതരണം ചെയ്യാനുള്ള പദ്ധതികൾ നടന്നുവരികയാണെന്ന് മേയർ ആഡംസ് അറിയിച്ചു. സംസ്ഥാനത്തുടനീളം 1 ദശലക്ഷം N95 മാസ്കുകൾ ലഭ്യമാക്കുമെന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പറഞ്ഞു. ന്യൂയോർക്ക് സിറ്റിയിലെ സ്‌കൂളുകൾ എല്ലാം അവരുടെ ഔട്ട്‌ഡോർ, ആഫ്റ്റർ സ്‌കൂൾ പ്രവർത്തനങ്ങൾ പൂർണ്ണമായി റദ്ദാക്കി. വാർഷികദിനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വ്യാഴാഴ്ച സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികൃതർ രക്ഷകർത്താക്കളെ അറിയിച്ചു.

പുക വ്യാപകമായ ആഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. മേജർ ലീഗ് ബേസ്ബോൾ യാങ്കീസ് ഗെയിം വ്യാഴാഴ്ച വരെ മാറ്റിവച്ചു. ന്യൂജേഴ്‌സിയിലെ ഒരു നാഷണൽ വിമൻസ് സോക്കർ ലീഗ് ഗെയിമും ബ്രൂക്ലിനിനായി സജ്ജമാക്കിയ ഇൻഡോർ WNBA ഗെയിമും റദ്ദാക്കിയിട്ടുണ്ട്. ന്യൂജേഴ്‌സി സ്‌റ്റേറ്റ് ഓഫീസുകൾ നേരത്തെ അടച്ചു. മാൻഹട്ടൻ മുതൽ പെൻസിൽവാനിയയിലെ ഹാരിസ്ബർഗ് വരെയുള്ള സ്ഥലങ്ങളിലെ ചില രാഷ്ട്രീയപാർട്ടികളുടെ പ്രകടനങ്ങളും മാറ്റിവച്ചിട്ടുണ്ട്.

കാനഡയുടെ വിവിധ ഭാഗങ്ങളിലെ കാട്ടുതീയിൽ നിന്നുള്ള പുക കഴിഞ്ഞ മാസം മുതൽ അമേരിക്കയിലേക്ക് പടരുകയാണ്. കാനഡയുടെ തലസ്ഥാനമായ ഒട്ടാവ നഗരത്തിൽ പടർന്ന പുക വളരെ കട്ടിയുള്ളതായിരുന്നു. ഈ സാഹചര്യത്തിൽ കാനഡയെ സഹായിക്കാൻ കുറച്ച് ഫയർ റേഞ്ചർമാരെ അയയ്ക്കാമെന്ന് ന്യൂയോർക്ക് ഗവർണർ ഹോച്ചുൾ ബുധനാഴ്ച അറിയിച്ചു.

ഈ വാരാന്ത്യത്തിലോ അടുത്ത ആഴ്‌ചയുടെ തുടക്കത്തിലോ വടക്കുകിഴക്കൻ ഭാഗങ്ങളിലും മധ്യ അറ്റ്‌ലാന്റിക് പ്രദേശങ്ങളിലും മഴ പെയ്താൽ ഒരു പരിധിവരെ വായു ശുദ്ധീകരിക്കാൻ അത് സഹായിക്കും എന്നാണ് പ്രതീക്ഷ. എന്നിരുന്നാലും തീ നിയന്ത്രണവിധേയമാക്കുകയോ കെടുത്തുകയോ ചെയ്താൽ മാത്രമേ കൂടുതൽ ആശ്വാസം ലഭിക്കുകയുള്ളൂ.

പുക പലർക്കും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്.അധികൃതർ ഒരു ടോൾ-ഫ്രീ എയർ ക്വാളിറ്റി ഹോട്ട്‌ലൈൻ സ്ഥാപിച്ചിട്ടുണ്ട്. ന്യൂയോർക്ക് നിവാസികൾക്ക് വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച് അതിലൂടെ അറിയിപ്പുകൾ ലഭിക്കും. 1-800-535-1345 ആണ് ടോൾ ഫ്രീ നമ്പർ.

LEAVE A REPLY

Please enter your comment!
Please enter your name here