കൊച്ചി: ഒഡീഷയിലെ ട്രെയിൻ അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി. തൃശ്ശൂര്‍ സ്വദേശികളായ കിരണ്‍,ബിജീഷ്,വൈശാഖ്,രഘു എന്നിവരാണ് ഇന്നലെ കൊച്ചിയില്‍ എത്തിയത്.
പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുപേരും നോര്‍ക്കയുടെ സഹായത്തോടെയാണ് നാട്ടിലെത്തിയത്. കൊല്‍ക്കത്തയിലെ ക്ഷേത്ര നിര്‍മാണത്തിനായാണ് 8 അംഗ സംഘം പോയത്. ഇതില്‍ 4 പേര്‍ നേരത്തെ നാട്ടില്‍ മടങ്ങി എത്തിയിരുന്നു.
അതേസമയം, ബാലസോര്‍ ദുരന്തത്തെ തുടര്‍ന്ന് തകരാറിലായ ട്രെയിൻ ഗതാഗതം ഇന്ന് പൂര്‍വസ്ഥിതിയിലായേക്കും. പരിക്കുകളോടെ 382 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇനിയും 124 മൃതദേഹങ്ങളാണ് ആണ് തിരിച്ചറിയാനുള്ളത്. മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താറുമാറായ ട്രെയിൻ ഗതാഗതം ഇന്ന് പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമാക്കാമെന്ന കണക്കു കൂട്ടലിലാണ് റെയില്‍വേ. രണ്ട് ട്രാക്കുകളില്‍ സര്‍വീസ് ഇന്നലെ തന്നെ ആരംഭിച്ചു . നിരവധി ട്രെയിനുകള്‍ സര്‍വീസ് നടത്തിയെങ്കിലും ബാലസോര്‍ ഭാഗത്ത് വളരെ മന്ദഗതിയിലാണ് യാത്ര.
അപകടത്തില്‍ പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറുന്ന നടപടികളും പുരോഗമിക്കുകയാണ്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ ആവശ്യമെങ്കില്‍ ഡി എൻ എ പരിശോധന നടത്താനാണ് തീരുമാനം. അപകടത്തെ കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അട്ടിമറി സാധ്യത ഉണ്ടെന്നു ചില ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്ന് സൂചന. അപകടവുമായി ബന്ധപ്പെട്ട നിരവധി അജ്ഞാതര്‍ക്കെതിരെ റെയില്‍വേ കേസ് എടുത്തു. റെയില്‍വേ നിയമത്തിലെ 153, 154, 175 വകുപ്പുകള്‍ പ്രകാരമാണ് റെയില്‍വേ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്.എന്നാല്‍ കേന്ദ്ര റെയില്‍വേ മന്ത്രി രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.