ബെംഗളുരു: കർണാടക തെരഞ്ഞെടുപ്പിൽ കേരള സ്റ്റോറിയും ചർച്ചയാക്കുന്ന ബി ജെ പി സിനിമ പ്രദർശിപ്പിക്കാനും തീരുമാനിച്ചു. കേരളാ സ്റ്റോറി സിനിമ ഇന്ന് രാത്രി ബെംഗളുരുവിൽ പ്രദർശിപ്പിക്കാനാണ് ബി ജെ പിയുടെ തീരുമാനം. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയടക്കമുള്ളവർ സിനിമ കാണാനെത്തും. സിനിമയുടെ പ്രത്യേക സ്ക്രീനിംഗ് നടത്താനാണ് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. ബെംഗളുരു എം ജി റോഡിലെ ഗരുഡ മാളിലെ ഐനോക്സിലാണ് സിനിമയുടെ പ്രദർശനം നടക്കുക. കേരള സ്റ്റോറിയുടെ സ്ക്രീനിംഗ് കാണാൻ പെൺകുട്ടികളെത്തണമെന്ന പ്രത്യേക ക്ഷണവും ബി ജെ പി നൽകിയിട്ടുണ്ട്. രാത്രി എട്ട് നാൽപ്പത്തിയഞ്ചിനാണ് സിനിമ പ്രദർശിപ്പിക്കുക.
നേരത്തെ തന്നെ കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരള സ്റ്റോറി സിനിമ ബി ജെ പി ചർച്ചയാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തെരഞ്ഞെടുപ്പ് റാലിക്കിടെ ദ കേരള സ്റ്റോറി സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്‍റേതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിൻവാതിൽ ചർച്ച നടത്തുന്നവരാണ് കോൺഗ്രസുകാരെന്നും പ്രധാനമന്ത്രി അന്ന് കുറ്റപ്പെടുത്തിയിരുന്നു.
അതിനിടെ തമിഴ്നാട്ടിൽ നിന്ന് പുറത്തുവന്ന വാർത്ത ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തിയറ്ററുകള്‍ അവസാനിപ്പിച്ചു എന്നതാണ്. തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍റെ തീരുമാനപ്രകാരമാണ് നീക്കം. ക്രമസാധാന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് അസോസിയേഷന്‍ തീരുമാനത്തില്‍ എത്തിയത്. സ്ക്രീന്‍ കൗണ്ട് കുറവായിരുന്നെങ്കിലും വെള്ളിയാഴ്ച തമിഴ്നാട്ടിലെ ചില സിംഗിള്‍ സ്ക്രീനുകളിലും മള്‍ട്ടിപ്ലെക്സുകളിലും ചിത്രം റിലീസ് ആയിരുന്നു. ഇതില്‍ സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകള്‍ നേരത്തേതന്നെ ചിത്രത്തിന്‍റെ പ്രദര്‍ശനത്തില്‍ നിന്നും പിന്മാറിയിരുന്നു. മള്‍ട്ടിപ്ലെക്സുകള്‍ കൂടി പിന്മാറുന്നതോടെ സംസ്ഥാനത്ത് ഇനി ദി കേരള സ്റ്റോറിക്ക് പ്രദര്‍ശനം ഉണ്ടായിരിക്കില്ല.