ആയിരക്കണക്കിന് കോടി രൂപയുടെ ക്ഷേത്ര സ്വത്തുക്കൾ തിരിച്ചു പിടിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ. അന്യാധീനപ്പെട്ടതും കയ്യേറ്റം ചെയ്യപ്പെട്ടതുമായ ഭൂമിയും കെട്ടിടവും കൃഷിസ്ഥലവും എല്ലാം തിരിച്ചെടുത്ത സ്വത്തുക്കളിൽ ഉൾപ്പെട്ടിട്ടുണ്ട്. തമിഴ്നാട് സർക്കാർ രൂപീകരിച്ച ഹിന്ദു ആന്റ് റിലീജിയസ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ബോർഡ് (എച്ച്ആർ ആൻഡ് സിഇ) 2021 മെയ് മുതൽ 4501.82 ഏക്കർ കൃഷിഭൂമികളും 809.21 ഏക്കർ ഒഴിഞ്ഞ പ്ലോട്ടുകളും 156.12 കെട്ടിടങ്ങളുടെ ഗ്രൗണ്ടുകളും 134.04 ക്ഷേത്ര ഗ്രൗണ്ടുകളും തിരിച്ചപിടിച്ചതായി അറിയിച്ചു. തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക നിയമപ്രകാരം രൂപീകരിച്ച HR&CE ബോർഡ് സംസ്ഥാനത്തുടനീളമുള്ള 38,000-ത്തിലധികം ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും ചുമതല വഹിക്കുന്ന സംവിധാനമാണ്. ഈ ബോർഡിന്റെ കീഴിൽ വരുന്ന ക്ഷേത്രങ്ങൾക്കും മഠങ്ങൾക്കും കൂടി 4.78 ലക്ഷം ഏക്കർ വിവിധതരം കൃഷിഭൂമികളുണ്ട്.
“എച്ച്ആർ ആൻഡ് സിഇ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മതസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി ‘തമിഴ് നിലം’ എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത ഭൂസ്വത്തുമായി താരതമ്യപ്പെടുത്തി നോക്കുകയും ക്രമപ്പെടുത്തുകയും ചെയ്യുന്നതായി,” ഒരു മുതിർന്ന എച്ച്ആർ & സിഇ ഉദ്യോഗസ്ഥൻ പറഞ്ഞു.
തമിഴ്‌നാട് റവന്യു വകുപ്പിന്റെ വെബ്സൈറ്റാണ് തമിഴ് നിലം. ഭൂമി സംബന്ധിച്ച എല്ലാ വിവരങ്ങളും ഇതിൽ ലഭ്യമാണ്. ക്ഷേത്ര സമ്പത്തായ ഭൂമിയുടെ ആകെ വിസ്തൃതിയിൽ 3.43 ലക്ഷം ഏക്കർ ഭൂമി ‘തമിഴ് നിലം’ വെബ്‌സൈറ്റുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നുണ്ട്. ഈ കണക്കുകൾ അടുത്തിടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. കൂടാതെ തമിഴ് നിലം പോർട്ടലുമായി ഭാഗികമായി പൊരുത്തപ്പെടുന്ന സ്ഥലങ്ങളുടെയും പോർട്ടലിൽ ലഭ്യമല്ലാത്ത ഇനങ്ങളുടെയും വിശദാംശങ്ങളും ശേഖരിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യും. ഭാഗികമായി പൊരുത്തപ്പെടുന്ന കേസുകൾ പൂർണ്ണമായും പൊരുത്തപ്പെടുന്ന കേസുകളാക്കി മാറ്റുന്നതിന് ഉചിതമായ തിരുത്തലുകൾ വരുത്തുന്നതിന് റവന്യൂ വകുപ്പിന് കീഴിലുള്ള അധികൃതർക്ക് മുമ്പാകെ അപ്പീലുകൾ നൽകാനാണ് മതസ്ഥാപനങ്ങൾ മുൻഗണന നൽകുന്നതെന്നും ഒരു ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.