കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുകയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാതായി ചൂണ്ടിക്കാണിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷക. തനിക്കും കുടുംബത്തിനുമുണ്ടായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അഭിഭാഷകയായ രജിത രാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.
മരട് സ്വദേശിയായ ഹര്‍ജിക്കാരിക്കും കുടുംബത്തിനും പുക മൂലം വലിയ ബുദ്ധിമുട്ടുകളാണ് നേരിട്ടത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. വീട്ടില്‍ 14 ദിവസത്തോളം വിശ്രമിക്കേണ്ടി വരികയും ചെയ്തു. ഇത് തൊഴില്‍പരമായും വലിയ നഷ്ടങ്ങളുണ്ടാക്കി. അതിനാല്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം ലംഘിക്കപ്പെട്ടുവെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. നഷ്ടപരിഹാരത്തിന് വേണ്ടിയല്ലെന്നും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി കൂടിയാണ് നിയമപോരാട്ടമെന്ന് രജിത രാജന്‍ പറയുന്നു. വേനലവധിക്ക് ശേഷം ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.