കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ ഡോക്ടർമാർക്കും രോഗികൾക്കും ഫെയ്‌സ് മാസ്‌ക് നിർബന്ധമാക്കി തമിഴ്‌നാട്. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ മുന്കരുതലിന്റെ ഭാഗമായാണ് മാസ്ക് നിര്ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് തമിഴ്‌നാട് സർക്കാർ പുറത്തിറക്കിയത്. മുൻനിര തൊഴിലാളികളെയും താമസക്കാരെയും അണുബാധയിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് ഉത്തരവിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
മുഴുവൻ ആരോഗ്യകേന്ദ്രങ്ങളിലെയും ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ സ്റ്റാഫ്, രോഗികൾ, സന്ദർശകർ എന്നിവരോട് നിയമം നിര്ബന്ധമായി പാലിക്കാൻ ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. അണുബാധ വ്യാപനം രൂക്ഷമായിട്ടില്ലെങ്കിലും മുൻകരുതൽ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. നിലവിൽ, ഒമിക്‌റോണിന്റെ സബ് വേരിയന്റായ XBB, BA.2 എന്നിവ ലോകത്താകമാനം വ്യാപിക്കുന്നുണ്ടെന്നും സ്വയരക്ഷക്കായി എല്ലാവരും മാസ്ക് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 123 പേർക്കാണ് തമിഴ്‌നാട്ടിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ത്യയിൽ രണ്ട് ദിവസം, കേസുകൾ 3,000 കടന്നിരുന്നു, ഡൽഹിയും മുംബൈയുമാണ് മുന്നിലുള്ളത്. രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.