പാക്കിസ്ഥാനില്‍ അല്ലെങ്കില്‍ പിന്നെ എവിടെ?, ഏഷ്യാ കപ്പിന് പകരം വേദി നിര്‍ദേശിച്ച് അക്തര്‍

0
54

ദോഹ: സെപ്റ്റംബറില്‍ പാക്കിസ്ഥാനില്‍  നടക്കേണ്ട ഏഷ്യാ കപ്പിനെക്കുറിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ പകരം വേദി നിര്‍ദേശിച്ച് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ഖത്തറിലെ ദോഹയില്‍ നടക്കുന്ന ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ ഏഷ്യന്‍ ലയണ്‍സിനായി കളിക്കുന്നതിനിടെയാണ് ഏഷ്യാ കപ്പിന്‍റെ വേദി സംബന്ധിച്ച് അക്തര്‍ പ്രതികരിച്ചത്.

ഏഷ്യാ കപ്പിന് പാക്കിസ്ഥാന്‍ തന്നെ ആതിഥേയത്വം വഹിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും പാക്കിസ്ഥാനില്‍ നടന്നില്ലെങ്കില്‍ പകരം വേദിയായി ശ്രീലങ്കയെ തെരഞ്ഞെടുക്കണമെന്നും അക്തര്‍ എഎന്‍ഐയോട് പറഞ്ഞു. ഏഷ്യാ കപ്പിലായാലും ലോകകപ്പിലായാലും ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റു മുട്ടണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനലിനോളം വലിയ പോരാട്ടം ക്രിക്കറ്റില്‍ ഇല്ലെന്നും അക്തര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ വേദിയാവുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ കളിച്ചില്ലെങ്കില്‍ ഈ വര്‍ഷം അവസാനം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ കളിക്കുന്ന കാര്യം പാക്കിസ്ഥാനും ആലോചിക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥി പറഞ്ഞിരുന്നു.മറ്റൊരു ടീമിനും ഇല്ലാത്ത എന്ത് സുരക്ഷാ പ്രശ്നമാണ് ഇന്ത്യന്‍ ടീമിന് മാത്രമായി പാക്കിസ്ഥാനിലുള്ളതെന്നും സേഥി ചോദിച്ചിരുന്നു.

ഈ വര്‍ഷം സെപ്റ്റംബറില്‍ പാക്കിസ്ഥാനില്‍ നടക്കേണ്ട ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏഷ്യാ കപ്പ് വേദി യുഎഇയിലേക്ക് മാറ്റുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമായ ജയ് ഷായും പറഞ്ഞിരുന്നു. ഈ മാസം നടക്കുന്ന എസിസി, ഐസിസി യോഗങ്ങളിലും ഇക്കാര്യം പാക്കിസ്ഥാന്‍ ഉന്നയിക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഏഷ്യാ കപ്പ് മാത്രമല്ല, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ 2025ല്‍ പാക്കിസ്ഥാന്‍ വേദിയാവുന്ന ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ ബഹിഷ്കരിക്കാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here