ഇന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനം

0
53

ഇന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനം. ഏഴായിരത്തിലധികം കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ സമുദ്രതീരത്തെ സംരക്ഷിക്കുന്ന വലിയ ചുമതലയാണ് തീരസംരക്ഷണ സേന നിറവേറ്റുന്നത്. തീവ്രവാദമുൾപ്പെടെ നിരവധി വെല്ലുവിളികളാണ് പുതിയ കാലത്ത് കോസ്റ്റ് ഗാർഡ് നേരിടുന്നത്.

കടൽ മാർഗ്ഗമുള്ള കള്ളക്കടത്ത് തടയൽ, കടൽ സന്പത്ത് സംരക്ഷിക്കൽ, മത്സ്യത്തൊഴിലാളികളുടേയും നാവികരുടേയും സംരക്ഷണം, അപകടങ്ങളിലെ രക്ഷാപ്രവർത്തനം തുടങ്ങി ചുമതലകൾ നിരവധിയാണ് കോസ്റ്റ് ഗാർഡിന്. കള്ളക്കടത്ത് തടയാനും കടൽ സന്പത്ത് സംരക്ഷിക്കാനും മാർഗ്ഗങ്ങൾ തേടിയ കെ എഫ് റസ്തംജി കമ്മിറ്റി ആണ് 1975 ൽ കോസ്റ്റ് ഗാർഡ് രൂപീകരിക്കാൻ ശുപാർശ ചെയ്തത്. ഈ കാലയളവിൽത്തന്നെ ബോംബ ഹൈയിൽ എണ്ണ സാന്നിധ്യം കണ്ടെത്തിയതും രാജ്യത്ത് സുരക്ഷ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. തുടർന്നാണ് 1978 ആഗസ്റ്റ് 19 ന് പ്രധാനമന്ത്രി മൊറാർജി ദേശായി കോസ്റ്റ് ഗാർഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. രണ്ട് ഫ്രിഗേറ്റുകളും അഞ്ച് പട്രോൾ ബോട്ടുകളുമായി പ്രവ‍ത്തനം തുടങ്ങിയ സേനയിൽ ഇന്ന് 170 കപ്പലുകളും 86 വിമാനങ്ങളുമുണ്ട്. കഴിഞ്ഞ വർഷം മാത്രം നാലായിരംകോടി രൂപയുടെ മയക്കുമരുന്നാണ് കോസ്ററ് ഗാർഡ് പിടികൂടിയത്. എണ്ണമറ്റ എത്രയോ രക്ഷാപ്രവർത്തനങ്ങൾക്കും തീരസേന നേതൃത്വം നൽകി

കേരളത്തിലെ 570 കിലോമീറ്ററിലധികം തീരപ്രദേശത്തും കോസ്റ്റ് ഗാർഡ് നിരീക്ഷണം ശക്തമാണ്. മലബാർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും ഏത് സമയത്തും രക്ഷാ പ്രവർത്തനത്തിന് കപ്പലുകൾ തയ്യാർ. പത്തിലധികം രാജ്യങ്ങളുടെ സേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പരിശീലനത്തിനായി എല്ലാ വർഷവും രാജ്യത്ത് എത്തുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതോടെ ഇന്ത്യയിൽ മയക്കുമരുന്ന് വിൽപന ശക്തിപ്പെട്ടിട്ടുള്ളത് തീര സംരക്ഷണ സേന വലിയ വിപത്തായി കാണുന്നു. ഇതുൾപ്പെടെയുള്ളവ വെല്ലുവിളികളെയാണ് കോസ്റ്റ് ഗോർഡ് നേരിടുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here