ഒരു സ്ത്രീ അമ്മയാകുമ്പോഴുള്ള സങ്കീർണതകൾ ഒഴിവാക്കാൻ ‘ശരിയായ പ്രായത്തിൽ’തന്നെ വിവാഹം കഴിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അമ്മയാകാൻ ഏറ്റവും അനുയോജ്യമായ പ്രായം 22 മുതൽ 30 വയസ്സ് വരെയാണെന്നും അദ്ദേഹം പറഞ്ഞു.
“സ്ത്രീകൾ അമ്മയാകാൻ വൈകരുത്, കാരണം ഇത് പിന്നീട് സങ്കീർണതകളിലേക്ക് നയിക്കും. ഒരു സ്ത്രീ അമ്മയാകാൻ ഏറ്റവും അനുയോജ്യമായ പ്രായം 22 വയസ്സ് മുതൽ 30 വയസ്സ് വരെയാണ്. ഈ പ്രായമായിട്ടും ഇതുവരെ വിവാഹം കഴിച്ചിട്ടില്ലാത്ത സ്ത്രീകൾ ഉടൻ വിവാഹം കഴിയ്ക്കണം,” അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ വളരെ നേരത്തെ പെൺകുട്ടികൾ അമ്മയാകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. അതേ സമയം, പലരും ചെയ്യുന്നതു പോലെ അധികകാലം വൈകിക്കരുത്. ഓരോന്നിനും അനുയോജ്യമായ പ്രായമുണ്ട്, ദൈവം നമ്മുടെ ശരീരം സൃഷ്ടിച്ചിരിക്കുന്നത് അങ്ങനെയാണ്”അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുവാഹത്തിയിൽ ഒരു സർക്കാർ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം പ്രായപൂർത്തിയാകുന്നതിന് മുമ്പുള്ള വിവാഹങ്ങളും ഗർഭധാരണവും തടയാനുള്ള സർക്കാരിന്റെ ശ്രമങ്ങളെക്കുറിച്ചുംമുഖ്യമന്ത്രി എടുത്തു പറഞ്ഞു.
14 വയസ്സിന് താഴെയുള്ള ഒരു പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണെന്നും നിയമപരമായി വിവാഹിതനായ അവളുടെ ഭർത്താവ് ആണെങ്കിൽപ്പോലും അത് കുറ്റകരമാണെന്നും ആയിരക്കണക്കിന് ഭർത്താക്കന്മാർ ഇത്തരത്തിൽ അടുത്ത അഞ്ചോ ആറോ മാസത്തിനുള്ളിൽ അറസ്റ്റിലാകുമെന്നും ശർമ്മ കൂട്ടിച്ചേർത്തു.
“ഒരു സ്ത്രീ വിവാഹിതയാകുന്നതിനുള്ള നിയമപരമായ പ്രായം 18 വയസ്സാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഇത്തരത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുന്നവർക്ക് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരുമെന്നും ”അദ്ദേഹം പറഞ്ഞു.
14 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷൻമാർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാൻ അസം മന്ത്രിസഭ തിങ്കളാഴ്ച തീരുമാനിച്ചിരുന്നു. 14നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നവരെ ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം വിചാരണ ചെയ്യും.
സംസ്ഥാനത്തെ ഉയർന്ന മാതൃ-ശിശു മരണനിരക്ക് തടയുന്നതിനാണ് തീരുമാനമെടുത്തതെന്ന് നടപടിയെക്കുറിച്ച് അറിയിച്ച ശർമ്മ പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്നതിൽ ശരാശരി 31 ശതമാനം വിവാഹങ്ങളും പ്രായപൂർത്തിയാകുന്നതിന് മുമ്പുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
മദ്രസകളുടെ എണ്ണം കുറയ്ക്കാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നതെന്നും ന്യൂനപക്ഷ സമുദായങ്ങളുമായി സർക്കാർ ഇക്കാര്യത്തിൽ ചർച്ച നടത്തുകയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അടുത്തിടെ പറഞ്ഞിരുന്നു. അസമില്‍ ചെറിയ മദ്രസകള്‍ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ ഭീഷണി മറികടക്കാനാണ് മദ്രസകള്‍ ലയിപ്പിക്കുകയും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുകയും ചെയ്യുന്നതെന്ന് സംസ്ഥാന ഡിജിപി ഭാസ്കര്‍ ജ്യോതി മഹന്ത് പറഞ്ഞിരുന്നു.