പാലക്കാട്: അപകടത്തിൽ കാൽ നഷ്ടമായ അഞ്ചുവയസ്സുകാരൻ അക്ഷയ് കൃഷ്ണക്ക് സ്വപ്നങ്ങളിലേക്ക് നടക്കാൻ കൃത്രിമ കാലൊരുക്കി തൃശൂർ മെഡിക്കൽ കോളേജ്. പാലക്കാട് തൃത്താല സ്വദേശിക്കാണ് ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ സെന്റർ താങ്ങായത്. തൃത്താല മേഴത്തൂർ സ്വദേശികളായ സജിതയുടെയും പ്രദീപിന്റെയും മകനാണ് അക്ഷയ് കൃഷ്ണ. തൃത്താലയിൽ വെച്ച് റോഡ് മുറിച്ചു കടക്കുമ്പോഴാണ് ഒരു വർഷം മുമ്പ് ലോറിയിടിച്ചത്. കുട്ടിയുടെ വലതുകാൽ നഷ്ടപ്പെട്ടു. നീണ്ട ചികിത്സകൾക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നു. പക്ഷേ അക്ഷയ്ക്ക് നടക്കാനുള്ള മോഹം ബാക്കിയായി.
മൂന്നുമാസം മുമ്പാണ് കുട്ടി തൃശൂർ മെഡിക്കൽ കോളേജിലെത്തിയത്. ദയനീയ സ്ഥിതി കണ്ട് ഡോക്ടർമാരാണ് കൃത്രിമകാൽ എന്ന സാധ്യത പരിശോധിച്ചത്. ഏറെ പ്രയാസപ്പെട്ട് അസംസ്കൃത വസ്തുക്കളെത്തിച്ചു. പാകത്തിലുള്ള കാൽ നിർമ്മിച്ചു. കുഞ്ഞിനെ നടക്കാൻ പരിശീലിപ്പിച്ചു. ഇപ്പോൾ അഞ്ചുവയസ്സുകാരന്റെ ഓരോ ചുവടിലും അതിജീവനം പതിയുന്നുണ്ട്. ഒരിക്കൽ പോലും അവനിങ്ങനെ നടക്കാൻ സാധിക്കുമെന്ന് ഞങ്ങൾ വിചാരിച്ചിട്ടില്ല. ഞങ്ങൾക്ക് ഇങ്ങനെയൊരു കാര്യം ചെയ്തു തന്ന എല്ലാവരോടും നന്ദിയുണ്ട്. അക്ഷയുടെ അമ്മ സജിത കണ്ണീരോടെ പറയുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലെ കൃത്രിമ കാൽ നിർമ്മാണ യൂണിറ്റാണ് കുഞ്ഞിന് കാലൊരുക്കിയത്. സർക്കാരിന്റെ പദ്ധതിയിലുൾപ്പെടുത്തി തികച്ചും സൗജന്യമായിട്ടാണ് കാൽ നിർമ്മിച്ചു നൽകിയത്.