മലപ്പുറം രാജ്യത്തെ പാസ്‌പോർട്ട് ഉടമകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്

0
57

മലപ്പുറം: രാജ്യത്തെ പാസ്‌പോർട്ട് ഉടമകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം കൈവരിച്ചു മലപ്പുറം ജില്ല. 19,32,622 പാസ്‌പോര്‍ട്ടുകളാണ് ജില്ലയിലുള്ളത്. എന്നാൽ ഇന്ത്യയിലെ കണക്ക് എടുത്താൽ പാസ്‌പ്പോർട്ട് ഉടമകളുടെ എണ്ണത്തിൽ കേരളമാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. 1.13 കോടി മലയാളികൾക്ക് പാസ്‌പ്പോര്‍ട്ട് ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം 35,56,067 എണ്ണവുമായി മുബൈയാണ് ഒന്നാം സ്ഥാനത്ത്. 34,63,405 പാസ്‌പോർട്ട് ഉടമകളുള്ള ബെംഗളൂരുവാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 31.6% പേര്‍ക്ക് കേരളത്തിൽ പാസ്‌പോര്‍ട്ടുണ്ട്. മഹാരാഷ്ട്രയും തമിഴ്നാടുമാണ് എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്.

എന്നാല്‍, ജനസംഖ്യാനുപാതികമായി പരിശോധിച്ചാല്‍ തമിഴ്നാടാണ് (12.7 ശതമാനം) മഹാരാഷ്ട്രയെക്കാള്‍ (8.4ശതമാനം) മുന്നില്‍. 2022 ഡിസംബര്‍ എട്ടുവരെയുള്ള കണക്കുപ്രകാരം ഇന്ത്യയില്‍ 9.58 കോടി പാസ്പോര്‍ട്ട് ഉടമകളാണുള്ളത്. അടുത്തിടെ ലോക്സഭയില്‍ ചോദ്യത്തിന് മറുപടിയായി വദേശകാര്യമന്ത്രാലയവും ഈ കണക്ക് വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ആകെയുള്ള പാസ്‌പോര്‍ട്ടുകളുടെ 11.8 ശതമാനം കേരളത്തിലാണ്.

2021-ല്‍നിന്ന് 2022-ലേക്കെത്തുമ്പോള്‍ പാസ്പോര്‍ട്ട് ലഭിച്ചവര്‍ ഇരട്ടിയിലധികംകൂടി. റീജണല്‍ പാസ്പോര്‍ട്ട് ഓഫീസുകളില്‍ കോഴിക്കോട്ട് 59.96 ശതമാനവും കൊച്ചിയില്‍ 67.22 ശതമാനവും തിരുവനന്തപുരത്ത് 59.14 ശതമാനവും വര്‍ധനയുണ്ടായി. പഠനാവശ്യത്തിന് വിദേശത്ത് പോകാൻ താല്പര്യപ്പെടുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായതാണ് പാസ്പോർട്ട് അപേക്ഷകരുടെ എണ്ണത്തിൽ വർധനവ് വരാൻ കാരണം.

ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് നേപ്പാൾ, ഭൂട്ടാൻ, മൗറീഷ്യസ്, ഗാംബിയ, സെർബിയ, ബാർബഡോസ്, ഡൊമിനിക്ക, ഗ്രനഡ, ജമൈക്ക, സെയ്ന്റ് കിറ്റിസ് ആൻഡ് നെവിസ്, സെയ്ന്റ് വിൻസെന്റ് ആൻഡ് ഗ്രെനാഡിൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, എൽസാൽവദോർ, ഹെയ്തി, മൈക്രൊനീഷ്യ, വനൗടു, ഫിജി തുടങ്ങിയ 22 രാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് ഫ്രീവിസയിൽ യാത്ര ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here