ചെറിയ ബജറ്റില്‍ എത്തി ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംനേടിയ തെലുങ്ക് ചിത്രമാണ് കാര്‍ത്തികേയ 2. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 120 കോടി നേടിയ ചിത്രത്തിന്‍റെ മലയാളം പതിപ്പ് തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ 23 ന് ആണ് കേരള റിലീസ്. നിഖില്‍ സിദ്ധാര്‍ഥ നായകനാവുന്ന ചിത്രത്തില്‍ നായിക അനുപമ പരമേശ്വരന്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസിനു മുന്‍പ് മലയാളം പതിപ്പിന്‍റെ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
സമീപകാലത്ത് പല തെലുങ്ക് ചിത്രങ്ങള്‍ക്കും ലഭിച്ച സ്വീകാര്യതയുടെ തുടര്‍ച്ച പോലെ കാര്‍ത്തികേയ 2 ന്‍റെ ഹിന്ദി പതിപ്പിനും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 30 കോടിയില്‍ അധികമാണ് നേടിയത്. ഇ 4 എന്റർടൈൻമെന്റ്സ് ആണ് കേരളത്തിലെ വിതരണക്കാർ. മറ്റു ഭാഷകളിൽ ലഭിച്ച അതേ സ്വീകാര്യത ചിത്രത്തിന് കേരളത്തിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. മമലയാളത്തിൽ എത്തുന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കാനായി അണിയറ പ്രവർത്തകർ കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അറിയാവുന്ന ഒരു ടീമായിരുന്നു സിനിമയുടെ പിന്നിൽ ഉണ്ടായിരുന്നതെന്നും 2019ല്‍ താൻ സിനിമയുടെ ഭാഗമായെന്നും അനുപമ പരമേശ്വരന്‍ വ്യക്തമാക്കി. മുഗ്‍ധ എന്ന കഥാപാത്രത്തെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെയാണ് നിഖിൽ അവതരിപ്പിക്കുന്നത്. ചെറിയ കുട്ടികൾക്ക് മുതൽ പ്രായമായവർക്കു വരെ ഒരേപോലെ ആസ്വദിക്കാൻ കഴിയുന്നു എന്നതാണ് കാര്‍ത്തികേയ 2 ന്റെ പ്രത്യേകതയെന്ന് നിഖിൽ സിദ്ധാർഥ പറഞ്ഞിരുന്നു.