മിത്രം: മനുഷ്യരുടെ വേദനകളിലേക്കു വന്നു തൊടുന്ന, സാന്ത്വനിപ്പിക്കുന്ന സാങ്കേതിക വിദ്യ

0
59

ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ എങ്ങനെ സഹായിക്കാം എന്ന ചിന്തയുടെ സൃഷ്ടിയാണ് മിത്രം എന്ന റോബട്. മനുഷ്യന് അപ്രാപ്യമാംവിധം ക്ഷമയോടെ ആവശ്യക്കാരുടെ മിത്രമായി മാറുന്ന സാങ്കേതിക വിദ്യ… അതിനു ജന്മം കൊടുത്തത് ടാറ്റ കൺസൾട്ടൻസി സർവീസിന്റെ റാപിഡ് ലാബാണ്. അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോബട്ടിക് സാങ്കേതിക വിദ്യയെ മനുഷ്യ സഹായിയാക്കി സൃഷ്ടിച്ചത്. ഇപ്പോൾ ഈ സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെ റോബട് നിർമാണത്തിന്റെ സാങ്കേതികവിദ്യ ലളിതമായി പറയുന്ന പുസ്തകവും ടിസിഎസ് റാപിഡ് ലാബ് ടീം തയാറാക്കിയിരിക്കുകയാണ്. മിത്രത്തിന്റെ പിറവി പോലെ തന്നെ പുസ്തകത്തിന്റെ ജനനത്തിനു പിന്നിലും ജീവകാരുണ്യം മാത്രമാണ് ലക്ഷ്യം.

പുസ്തകം വിറ്റു കിട്ടുന്ന മുഴുവൻ പണവും ഭിന്നശേഷിക്കാരായ കുട്ടികൾക്കു തൊഴിൽ കണ്ടെത്തുന്നതിനുള്ള സാങ്കേതിക പരിശീലനത്തിനാണ് ഉപയോഗിക്കുന്നത്. മിത്രം ഉൾപ്പെടെയുള്ള, റാപിഡ് ലാബിൽ നിന്ന് ജന്മം കൊണ്ട എല്ലാ ഹ്യൂമനോയിഡുകളെക്കുറിച്ചും അവയുടെ നിർമാണത്തെക്കുറിച്ചും സാങ്കേതികവിദ്യകളെക്കുറിച്ചും ബിൽഡിങ് സ്മാർട് റോബട് യൂസിങ് ആർഒഎസ് (റോബട്ടിക് ഓപ്പറേറ്റിങ് സിസ്റ്റം) എന്ന ഈ പുസ്തകത്തിൽ പറയുന്നുണ്ട്.

മനുഷ്യരുടെ വേദനകളിലേക്കു വന്നു തൊടുന്ന, സാന്ത്വനിപ്പിക്കുന്ന സാങ്കേതിക വിദ്യ… മനുഷ്യരുടെ ജീവിതത്തെ സ്പർശിക്കുന്ന, കരുതുന്ന, ഒപ്പം ജീവിക്കുന്ന സാങ്കേതിക വിദ്യ ഇനിയും കൂടുതൽ മനുഷ്യപ്പറ്റുള്ളതാകുകയാണ്. സാങ്കേതിക ലോകം കീഴടക്കിയ സോഷ്യലി അസിസ്റ്റീവ് റോബട്സ് (എസ്എആർ) എന്ന റോബട്ടിക്സ് ടെക്നോളജി തുറക്കുന്നതു ടെക്നോളജിയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും വാതിലാണ്. ഇൻഡസ്ട്രിയൽ റോബട്സ്, വ്യവസായ മേഖലയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാകുമ്പോൾ മനുഷ്യനെ സമൂഹവുമായി കൂടുതൽ ബന്ധിപ്പിക്കുന്ന റോബട്ടുകളുടെ മേഖലയും ശക്തമാകുകയാണ്. സെറിബ്രൽ പാൾസി, ഓട്ടിസം തുടങ്ങിയവയുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ ഇത്തരത്തിൽ പരിശീലിപ്പിക്കുകയും കരുതുകയും ചെയ്യുന്ന ഒരു റോബട്ടിനെ പരിചയപ്പെടാം. ടാറ്റ കൺസൽറ്റൻസി സർവീസിന്റെ തിരുവനന്തപുരത്തുള്ള റാപിഡ് ലാബ് ടീം നിർമിച്ച സോഷ്യലി അസിസ്റ്റീവ് റോബട്ടാണ് മിത്രം.

മനുഷ്യരുടെ വികാരവിചാരങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വേർതിരിച്ചറിഞ്ഞ് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന യഥാർഥ മിത്രമാണ് ഈ റോബട്. 2017 ൽ, വിമാനത്താവളത്തിനുള്ളിലെ ഉപയോഗത്തിനായി റാഡ എന്ന ഹ്യൂമനോയ്ഡിനെ നിർമിച്ചു വിമാനയാത്രാനുഭവത്തിൽ വലിയ മാറ്റങ്ങൾക്കൊണ്ടുവന്ന ടിസിഎസിന്റെ റാപിഡ് ലാബിൽ നിന്നുള്ള റോബോട്ടുകളിൽ ഒരുപക്ഷേ ഏറ്റവും മനുഷ്യസ്നേഹി, മിത്രമെന്ന മിനി ഹ്യൂമനോയ്ഡ് ആയിരിക്കും. മിത്രത്തെക്കുറിച്ചും മിത്രം ഭിന്നശേഷിക്കാരായ കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കുന്നു എന്നതിനെക്കുറിച്ചും വിശദമായി അറിയാം. ബിൽഡിങ് സ്മാർട് റോബട്സ് യൂസിങ് ആർഒഎസ് (റോബട്ടിക് ഓപ്പറേറ്റിങ് സിസ്റ്റം) എന്ന റോബട് നിർമാണമേഖലയിൽ ശാസ്ത്രീയ അടിത്തറ നൽകുന്ന പുസ്തകം വലിയ തൊഴിൽ സാധ്യതകളും പുതുതലമുറയ്ക്കു പകരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here