ഇന്ന് മഹാ ശിവരാത്രി; ഭക്തിയോടെ വ്രതം അനുഷ്ഠിച്ച് ആയിരങ്ങൾ

0
136

മഹാവ്രതം എന്നറിയപ്പെടുന്ന മഹാശിവരാത്രി വർഷത്തിലൊരിക്കൽ മാത്രമാണ് അനുഷ്ഠിക്കുന്നത്. ഈ അനുഷ്ടാനം, കുംഭമാസത്തിലെ കൃഷ്‌ണ ചതുർദ്ദശിയിലാണ് ആഘോഷിക്കുന്നത്. വ്രതമനുഷ്‌ഠിക്കുന്നതിലൂടെ ജീവിതത്തിൽ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം.

ഈ അനുഷ്ടാനം എങ്ങനെ ഉടലെടുത്തു

ശിവരാത്രിയ്ക്ക് പിന്നില്‍ ഒരുപാട് കഥകള്‍ ഉണ്ട്. അതില്‍ പ്രധാനം പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തുവെന്നതാണ്‌. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്‍റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും എന്നാല്‍ വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം ശിവന്റെ കണ്‌ഠത്തിൽ ഉറയ്‌ക്കുകയും കഴുത്ത് നീല നിറമാവുകയും ചെയ്‌തു. അങ്ങനെയാണ് ശിവന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുന്നത്. ഭഗവാന് ആപത്തൊന്നും വരാതെ പാർവ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് നമ്മള്‍ ശിവരാത്രിയായി ആചരിക്കുന്നത്.

എന്തിന് ശിവരാത്രി വ്രതം അനുഷ്‌ഠിക്കണം ?

  •  ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം.
  • നാം ചെയ്ത സകലപാപങ്ങളെയും ഇല്ലാതാക്കുന്നു.
  • ഭക്തിയോടുകൂടിയുള്ള വ്രതാനുഷ്ഠാനം അവനവന് മാത്രമല്ല ജീവിതപങ്കാളിയ്ക്കും
    ദീര്‍ഘായുസ്സുണ്ടാവാൻ ഉത്തമമാണ്.
  •  ശിവ പ്രീതിക്കായി ക്ഷേത്ര ദർശനം നടത്തുന്നതും, വ്രതമെടുക്കുന്നതും ഉത്തമമായി കാണപ്പെടുന്നു.
  •  ശിവന് ഏറ്റവും പ്രിയപ്പെട്ട കൂവളമാല സമർപ്പിക്കുന്നതും, കൂവളത്തിന്റെ ഇല കൊണ്ട് അർച്ചനയും ജലധാര നടത്തുന്നതും ഈ ദിവസത്തെ വിശിഷ്‌ട വഴിപാടുകളാണ്.
  •  രാത്രി ഉറക്കമൊഴിച്ചിരുന്ന് വ്രതമെടുക്കുന്നതിലൂടെ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം.
  •  ശിവരാത്രി വ്രതം നോൽക്കുന്നവർ അരി ഭക്ഷണം കഴിക്കാൻ പാടില്ല. വിശിഷ്‌ടമായ പലഹാരങ്ങളുണ്ടാക്കുന്നതും ശിവരാത്രിയുടെ പ്രത്യേകതയാണ്.
  • ഈ പുണ്യ ദിനത്തിൽ പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതും ശിവരാത്രിയുടെ പ്രത്യേകതയാണ്.

കേരളത്തിൽ ആലുവ മണപ്പുറത്താണ് പ്രധാനമായും ശിവരാത്രി ദിനത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here