വാട്ട്‌സ്ആപ്പിന്റെ അപ്‌ഡേറ്റ്‌ചെയ്ത സേവന നിബന്ധനകളും സ്വകാര്യതാ നയവും ഇപ്പോള്‍ എല്ലാവര്‍ക്കും കിട്ടി തുടങ്ങി. എന്നാല്‍ പലരും അതു വായിച്ചു പോലും നോക്കാതെ ഓകെ കൊടുത്തു തുടങ്ങിയിട്ടുണ്ട്. ഓരോരുത്തരുടെയും ഡാറ്റ എങ്ങനെ ഉപയോഗിക്കുമെന്നതിനെക്കുറിച്ചാണ് ഇതില്‍ പറയുന്നത്. പ്രധാനമായും അതിന്റെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി ഈ ഡാറ്റ പങ്കിടുന്നതിനെ പറ്റി കൃത്യമായി പറയുന്നു. ഇത് അംഗീകരിച്ചാല്‍ മാത്രമേ ഇനി മുതല്‍ വാട്ട്‌സ് ആപ്പ് ലഭിക്കൂ. അതിനായി ഉപയോക്താക്കള്‍ക്ക് 2021 ഫെബ്രുവരി 8 വരെ സമയമുണ്ട്.
എന്തുകൊണ്ടാണ് ഞാന്‍ ഈ നയം അംഗീകരിക്കേണ്ടത്? ; ഉപയോക്താക്കള്‍ അറിയേണ്ടവ
വാട്ട്‌സ്ആപ്പ് അതിന്റെ സേവന നിബന്ധനകളും സ്വകാര്യതാ നയവും അപ്‌ഡേറ്റ്‌ചെയ്യുന്നത് ഇത് ആദ്യമല്ല. വാട്ട്‌സ്ആപ്പിനെ പോലെ മിക്ക സോഫ്റ്റ്‌വെയര്‍ കമ്പനികളും അവരുടെ സേവനങ്ങള്‍ ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. സേവനങ്ങള്‍ ഉപയോഗിക്കുന്നത് തുടരുന്നതിന്, ഉപയോക്താവ് പുതിയ നിബന്ധനകളും നയവും സ്വീകരിക്കണം. ഈ നിലയ്ക്ക്, പുതിയ പോളിസി സ്വീകരിക്കുന്നതിനോ നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുന്നതിനോ 2021 ഫെബ്രുവരി 8 വരെ വാട്ട്‌സ്ആപ്പ് സമയപരിധി നല്‍കുന്നു.
പ്രധാന നയങ്ങള്‍ എന്തൊക്കെയാണ്?
സ്വകാര്യതാ നയത്തിന്റെ പഴയ പതിപ്പില്‍ നിന്നും കാര്യമായ വ്യത്യാസമുണ്ട് ഇത്തവണ. അതായത്, നിങ്ങളുടെ ഡേറ്റകള്‍ മൂന്നാം കക്ഷിയുമായി പങ്കുവെക്കാന്‍ അനുവാദം ചോദിക്കുന്നു. അതായത്, സ്വകാര്യതാ നയത്തില്‍ വ്യത്യാസങ്ങള്‍ വരുത്തുന്നുവെന്നര്‍ത്ഥം. വാട്ട്‌സ്ആപ്പ് എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റിനെ ഇതു ബാധിക്കില്ല. നിങ്ങളുടെ സന്ദേശങ്ങള്‍ കാണാനോ ആരുമായും പങ്കിടാനോ കഴിയില്ല. എന്നാല്‍ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്ക് അല്ലെങ്കില്‍ മറ്റു കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ വിപണന ആവശ്യത്തിനായി കൂടുതലായി ആശ്രയിക്കുവാന്‍ പോകുന്നു. ഇതിനായി, അനുമതി നല്‍കാനാണ് വാട്ട്‌സ് ആപ്പ് ഉപഭോക്താവിനോട് നിര്‍ദ്ദേശിക്കുന്നത്.
വാട്‌സ്ആപ്പ് പേയ്‌മെന്റ് ഡേറ്റയെക്കുറിച്ച്?
വാട്‌സ്ആപ്പ് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും പേയ്‌മെന്റുകള്‍ ആരംഭിച്ചതിനാല്‍, പ്രൈവസി പോളിസിയുടെ ഈ ഭാഗം കൂടുതല്‍ വ്യക്തമാക്കിയിരിക്കുന്നു. പേയ്‌മെന്റ് സേവനങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ അവര്‍ ‘പേയ്‌മെന്റ് അക്കൗണ്ടും ഇടപാട് വിവരങ്ങളും ഉള്‍പ്പെടെ നിങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രോസസ്സ് ചെയ്യും’ എന്ന് വാട്ട്‌സ്ആപ്പ് പറയുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്ത്യയിലെ വാട്ട്‌സ്ആപ്പ് പേയ്‌മെന്റുകള്‍ക്ക് അതിന്റേതായ ഡെഡിക്കേറ്റഡ് പോളിസിയുണ്ട്.