ദില്ലി: വിവാദ കര്‍ഷകനിയമഭേദഗതികള്‍ പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. അതേസമയം, നിയമഭേദഗതികളില്‍ ഉള്ള പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന വാഗ്ദാനമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.
ദില്ലിയില്‍ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്‍റെയും പിയൂഷ് ഗോയലിന്‍റെയും അധ്യക്ഷതയില്‍ കര്‍ഷകസംഘടനാ നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ വാഗ്ദാനം. ഇതില്‍ ആരെല്ലാം വേണമെന്ന കാര്യം കര്‍ഷകസംഘടനാ നേതാക്കള്‍ക്കും യൂണിയന്‍ നേതാക്കള്‍ക്കും നിര്‍ദേശിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഈ നിര്‍ദേശം കര്‍ഷകസംഘടനകള്‍ തള്ളിക്കളഞ്ഞു.