റിയാദ്: വിവിധ രാജ്യങ്ങളുടെ കൂട്ടായമയായ ജി20 അംഗ രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഇന്ന് സഊദി തലസ്ഥാന നഗരിയായ റിയാദില്‍ തുടക്കമാകും. ലോക നേതാക്കള്‍ സഊദിയിലെത്തി സഊദി അധ്യക്ഷതയില്‍ തലസ്ഥാന നഗരിയായ റിയാദില്‍ നടക്കേണ്ടിയിരുന്ന കൂട്ടായ്‌മയുടെ പതിനഞ്ചാമത് ഉച്ചകോടി, നിലവിലെ കൊവിഡ് പ്രതിസന്ധി സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയായാണ് നടക്കുക. സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ഇന്ന് ആരംഭിക്കുന്ന ജി20 ഉച്ചകോടി രണ്ടു ദിവസം നീണ്ടു നില്‍ക്കും. ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിയുടെ വിജയത്തിനായുള്ള മുഴുവന്‍ സംവിധാനങ്ങളും ഒരുക്കിയതായി സഊദി അറിയിച്ചു.
’21ാം നൂറ്റാണ്ടിന്‍റെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തല്‍’ എന്ന തലക്കെട്ടില്‍ നടക്കുന്ന ഉച്ചകോടിയുടെ കീഴില്‍ നൂറിലധികം അനുബന്ധ സമ്മേളനങ്ങള്‍ ഇതിനകം തന്നെ നടന്നു കഴിഞ്ഞു.കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഇതിനെ നേരിടുന്നതിനുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ സഊദിയുടെ അധ്യക്ഷതയില്‍ അടിയന്തിര ഉച്ചകോടിയും അരങ്ങേറിയിരുന്നു. ഉച്ചകോടിക്ക് മുന്നോടിയായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ രാജ്യങ്ങളിലെ വിവിധ വകുപ്പുകളുടെ സംയുക്ത വിര്‍ച്വല്‍ യോഗങ്ങളും നടന്നു കഴിഞ്ഞിട്ടുണ്ട്.
ലോകത്തെ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി 20 അംഗ രാജ്യങ്ങള്‍ക്ക് പുറമെ ഉച്ചകോടികളില്‍ ചില രാജ്യങ്ങളും അന്താരാഷ്‌ട്ര കൂട്ടായ്‌മകളും പ്രത്യേക ക്ഷണിതാക്കളായും പങ്കെടുക്കുന്നുണ്ട്. ലോകത്തിനാവശ്യമായ ഉറച്ച തീരുമാനമെടുക്കുന്നതിനുള്ള ഏറ്റവും ശക്തമായ ഉച്ചകോടികളില്‍ ഒന്നാണ് ജി20 ഉച്ചകോടി. ജീവിതത്തെയും ഉപജീവനത്തെയും പരിരക്ഷിക്കുന്നതിലും കൊറോണ വൈറസ് മഹാമാരി പ്രതിസന്ധിക്ക് ശേഷം വീണ്ടെടുക്കുന്നതിന് സഹായിക്കുന്നതിലും ജി20 യുടെ ശ്രമങ്ങളെ ലോകം നോക്കിക്കൊണ്ടിരിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ ഉച്ചകോടിക്ക് കൂടുതല്‍ പ്രാധാന്യമാണുള്ളത്.
ജി20 അംഗമെന്ന നിലയിലും ഈ വര്‍ഷത്തെ ജി20 അധ്യക്ഷന്‍ എന്ന നിലയിലും ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഉന്നതതല യോഗത്തിനു ആതിഥേയത്വം വഹിക്കുന്നത് സഊദിയെ സംബന്ധിച്ചിടത്തോളം ചരിത്രപരമാണ്. സഊദിയുടെ അധ്യക്ഷതയില്‍ ഈ വര്‍ഷം തന്നെ ഇത് രണ്ടാം തവണയാണ് ജി20 ഉച്ചകോടി ചേരുന്നത്. കൊവിഡ് പ്രതിസന്ധി പരിഹാരം കാണുന്നതിന് മാര്‍ച്ചില്‍ അസാധാരണ ഉച്ചകോടി ചേര്‍ന്നിരുന്നു. ആദ്യമായാണ് ഒരു രാജ്യത്തിന്റെ അധ്യക്ഷതയില്‍ രണ്ട് ജി20 ഉച്ചകോടി ചേരുന്നത്.
കഴിഞ്ഞ വര്‍ഷം ഒസാക്കയില്‍ നടന്ന ഉച്ചകോടിയിലാണ് ഈ വര്‍ഷത്തെ അധ്യക്ഷത പദവി സഊദിയെ തേടിയെത്തിയത്. കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കല്‍, ഉത്പാദനം, വിതരണം എന്നിവക്കായി ജി20 കൂട്ടായ്‌മ ഇതിനകം തന്നെ 21 ബില്യണ്‍ ഡോളര്‍ സംഭാവന ജി20 പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള സമ്ബദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി 11 ട്രില്യണ്‍ ഡോളറും സംഭാവന നല്‍കിയിരുന്നു. ലോകത്തെ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി20 യില്‍ സഊദി അറേബ്യയെ കൂടാതെ, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമുള്‍പ്പെടെയുള്ള ശക്തരായ രാജ്യങ്ങളാണ് അംഗത്വമുള്ളത്.