രണ്ട് കോടിവരെയുള്ള കാര്‍ഷിക വായ്പയുടെ പലിശ ഇളവിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒരുമാസത്തെ സമയം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി നിരസിച്ചു. ഇതികം ഒരു തീരുമാനമെടുത്തിട്ടുണ്ടെന്നും അത് പറയാനും നടപ്പാക്കാനും എന്തിനാണ് ഇത്ര സമയമെന്നും കോടതി ചോദിച്ചു. ചില ഔപചാരിക നടപടിക്രമങ്ങള്‍ ബാക്കിയുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. അത് അംഗീകരിക്കാതെ നവംബര്‍ രണ്ടിനകം തീരുമാനം അറിയിക്കണം എന്ന് കോടതി അന്ത്യശാസനം നല്‍കി.
‘സാധാരണക്കാരുടെ ദീപാവലി കേന്ദ്രസര്‍ക്കാരിന്റെ കയ്യിലാണ്.’-മൂന്നംഗ ബെഞ്ചില്‍ ജസ്റ്റിസ് എംആര്‍ ഷാ കേന്ദ്ര സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. സാധാരണക്കാര്‍ ആശങ്കയിലാണ് ആ ആശങ്ക കേള്‍ക്കാതിരിക്കാന്‍ കഴിയില്ല. കോടതി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.
കൊവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാരണം വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്കുള്ള പലിശ ഇളവിന്റെ കാര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്നത്.വായ്പയുടെ കോംപൗണ്ട് പലിശ ഇളവ് ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. അത് വായ്പയെടുത്തവര്‍ക്കും ബാങ്കുകള്‍ക്കും ആശ്വാസകരമാകുമെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ഈ തീരുമാനം സര്‍ക്കാരിന് വലിയ ബാധ്യതയാകുമെന്നും അത് എത്രയെന്ന് കണക്കാക്കിയില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വായ്പാ തിരിച്ചടവിന് മൂന്ന് മാസത്തെ മൊറട്ടോറിയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. അത് പിന്നീട് ഓഗസ്റ്റ് 31 വരെ നീട്ടി. സെപ്തംബറില്‍ കര്‍ഷകരെ സഹായിക്കുന്നതിന് കേന്ദ്രത്തിന്റെ പദ്ധതികള്‍ എന്താണെന്ന് സുപ്രീംകോടതി ആരാഞ്ഞു. മൊറട്ടോറിയം കാലത്തെ പലിശയിളവ് ആവശ്യപ്പെട്ട നിരവധി ഹര്‍ജികളാണ് കോടതിയുടെ മുന്നിലുള്ളത്.