‘മൈഗ്രേൻ’ ഓർമ്മശക്തിയെ ബാധിക്കുമോ?

0
4

അതികഠിനമായ തലവേദനയാണ് മൈഗ്രേൻ (ചെന്നിക്കുത്ത്). തലയുടെ ഒരു വശത്തോ അല്ലെങ്കിൽ രണ്ട് വശത്തോ സ്‌പന്ദിക്കുന്ന രീതിയിലുള്ള കടുത്ത വേദന ഉണ്ടാക്കുന്ന ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ് ഇത്. മൈഗ്രേൻ നമ്മുടെ ഓർമ്മശക്തിയേയും വിവരങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? ഇതിനെക്കുറിച്ച് ഹാർവാർഡ് ഹെൽത്ത് പബ്ലിഷിങിൻ്റെ ചീഫ് മെഡിക്കൽ എഡിറ്ററും എംഡിയുമായ ഹോവാർഡ് ഇ. ലെവൈൻ പറയുന്നതെന്താണെന്ന് നോക്കാം.

മൈഗ്രേൻ മൂലം താൽക്കാലികമായി ഓർമ്മശക്തി നഷ്‌ടപ്പെടുന്നത് അത്ര സാധാരണമായ ഒന്നല്ല. എങ്കിലും, ഇത് സംഭവിക്കാൻ സാധ്യതയുണ്ട്. ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം, ആർത്തവചക്രം, ചില പ്രത്യേക ഭക്ഷണങ്ങൾ എന്നിവ മൈഗ്രേൻ തലവേദനയ്ക്ക് കാരണമായേക്കാം.

ചിലരിൽ തലവേദന തുടങ്ങുന്നതിന് മുൻപായി കാഴ്‌ചയ്‌ക്ക് മാറ്റങ്ങൾ അനുഭവപ്പെടാറുണ്ട്. ഇതിനെ ‘ഓറ’ (aura) എന്ന് വിളിക്കുന്നു. എന്നാൽ ഭൂരിഭാഗം ആളുകൾക്കും ഇത്തരമൊരു മുന്നറിയിപ്പ് ലഭിക്കാറില്ല. തലയുടെ ഒരു വശത്ത് മാത്രം അനുഭവപ്പെടുന്നതും, ഇടിച്ചുതുടിക്കുന്നതുപോലെയുള്ള വേദനയുമാണ് മൈഗ്രേനിൻ്റെ പ്രധാന ലക്ഷണം. ഇത്തരം സമയങ്ങളിൽ വെളിച്ചത്തോടും ശബ്‌ദത്തോടും അമിതമായ സംവേദനക്ഷമത (അസ്വസ്ഥത) ഉണ്ടാകാം. കൂടാതെ, ഓക്കാനവും ഛർദ്ദിയും ഇതിനൊപ്പം ഉണ്ടാകാറുണ്ട്.

ചിലർ ‘കോംപ്ലക്‌സ് മൈഗ്രേൻ’ (complex migraine) എന്ന് വിളിക്കപ്പെടുന്ന അവസ്ഥയാൽ ബുദ്ധിമുട്ടാറുണ്ട്. നാഡീസംബന്ധമായ ലക്ഷണങ്ങളോട് (neurological symptoms) കൂടിയ മൈഗ്രേൻ തലവേദനകളാണിവ. ഇത്തരം അവസ്ഥയിൽ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടേക്കാം:

കോംപ്ലക്‌സ് മൈഗ്രേൻ 

  • ശരീരത്തിൻ്റെ ഒരു വശം ചലിപ്പിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.
  • സംസാരത്തിൽ അവ്യക്തത, വാക്കുകൾ കിട്ടാൻ പ്രയാസം നേരിടുക.
  • ശരീരത്തിൻ്റെ സന്തുലിതാവസ്ഥ നഷ്‌ടപ്പെടുക.
  • കാഴ്‌ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ.

ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. ഇത് ഒരു ‘കോംപ്ലക്‌സ് മൈഗ്രേൻ’ മാത്രമാണെന്ന് കരുതരുത്, പക്ഷാഘാതം (stroke) പോലുള്ള മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ‘കോംപ്ലക്‌സ് മൈഗ്രേൻ’ ഉള്ളപ്പോൾ ഓർമ്മശക്തി നഷ്ടപ്പെടുന്നതായും അനുഭവപ്പെടാം. എന്നാൽ, സാധാരണ മൈഗ്രേൻ (simple migraine) ഉള്ളപ്പോൾ പോലും ഓർമ്മശക്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാകാം.

മൈഗ്രേൻ അനുഭവപ്പെടുന്ന സമയത്ത് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമായിരിക്കും; അതിനാൽ പുതിയ വിവരങ്ങൾ ഗ്രഹിക്കുന്നതിനും അവ ഓർമ്മയിൽ സൂക്ഷിക്കുന്നതിനും ബുദ്ധിമുട്ട് നേരിടാം. ഇതിനെ ഓർമ്മശക്തി നഷ്ടപ്പെട്ടതായി കണക്കാക്കിയേക്കാം. കൂടാതെ, മൈഗ്രേനിനായി കഴിക്കുന്ന മരുന്നുകൾ കാരണം ഉറക്കവും മയക്കവും അനുഭവപ്പെടാനും, അതുമൂലം ഓർമ്മശക്തി കുറഞ്ഞതുപോലെ തോന്നാനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here