ഇടുക്കി: മൂന്നാം ദിവസവും ദൗത്യസംഘത്തെ വട്ടംകറക്കി ചക്കക്കൊമ്പൻ. ഡാർട്ടിങ്ങിന് അനുയോജ്യമായ സ്ഥലത്തേക്ക് ആനയെ എത്തിക്കാനുള്ള നീക്കം തുടരുന്നു. ഇന്ന് ദൗത്യം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ് സംഘം.
മൂന്ന് ദിവസം പിന്നിട്ടിട്ടും ചക്കക്കൊമ്പനെ മെരുക്കാൻ വനം വകുപ്പ് ദൗത്യ സംഘത്തിന് മുന്നിൽ കടമ്പകളേറെയാണ്. ആനയുടെ സഞ്ചാരപാതയും ഭൂപ്രകൃതിയും കാലാവസ്ഥയും ഒരുപോലെ വെല്ലുവിളിയാകുമ്പോൾ മയക്കുവെടി വയ്‌ക്കാനുള്ള അനുയോജ്യമായ സാഹചര്യം ഇനിയും ഒരുങ്ങിയിട്ടില്ല. മൂന്നാം ദിനമായ ഇന്ന് രാവിലെ തന്നെ ട്രാക്കിങ് ആരംഭിച്ചു. ആനയിറങ്കൽ ജലാശയത്തിലെ നടുത്തുരുത്തിൽ തുടരുന്ന ചക്കക്കൊമ്പനെ അനുയോജ്യമായ സ്ഥലത്തെത്തിച്ച് ദൗത്യം പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
അതേസമയം മൂന്നാം ദിവസവും ദൗത്യസംഘത്തിന് പിടികൊടുക്കാതെ ചക്കക്കൊമ്പൻ. രാവിലെ തന്നെ ആനയെ ട്രാക്ക് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. നിലവിൽ ആനയിറങ്കൽ ജലാശയത്തോട് ചേർന്നുള്ള നടുത്തുരുത്തിലാണ് ചക്കക്കൊമ്പന്‍റെ സാന്നിധ്യം. എന്നാൽ ഇവിടെവച്ച് മയക്കുവെടി വയ്‌ക്കുക പ്രായോഗികമല്ല. സുരക്ഷിതമായി ഡാർട്ട് ചെയ്യാൻ കഴിയുന്ന അനുയോജ്യമായ സ്ഥലത്തേക്ക് ആനയെ എത്തിക്കുകയാണ് ദൗത്യസംഘത്തിന്‍റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
നടുത്തുരുത്തിൽ നിന്ന് പന്നിയാർ ഭാഗത്തേക്കോ 301 മേഖലയിലേക്കോ ആനയ്ക്ക് നീങ്ങാം. എന്നാൽ തോട്ടം മേഖലയായ പന്നിയാറിലേക്ക് ചക്കക്കൊമ്പൻ ഇറങ്ങിയാൽ ദൗത്യം കൂടുതൽ സങ്കീർണമാകും. ഈ സാഹചര്യം ഒഴിവാക്കുന്നതിനായി പന്നിയാർ ഭാഗത്തേക്കുള്ള ആനയുടെ നീക്കം നിയന്ത്രിക്കാൻ ബോട്ടുകളിൽ പ്രത്യേക സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.
ആനയുടെ നീക്കങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചാണ് ദൗത്യ സംഘത്തിന്‍റെ തുടർനീക്കങ്ങൾ. ജനവാസ മേഖലകളിലേക്ക് ആന ഇറങ്ങാതെ, ഡാർട്ടിങ്ങിന് അനുയോജ്യമായ തുറന്ന സ്ഥലത്തേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അനുകൂല സാഹചര്യം ഒരുങ്ങിയാൽ മയക്കുവെടി പ്രയോഗിച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികളിലേക്ക് കടക്കും. മൂന്ന് ദിവസമായി നീളുന്ന ദൗത്യത്തിന് ഇന്ന് വിജയകരമായ പരിസമാപ്‌തിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ് സംഘം.
ഇന്ന് സാധ്യമല്ലെങ്കില്‍ പിന്നെ ഇടവേള
അതേസമയം ആനയെ ഇന്ന് മയക്ക് വെടിവയ്‌ക്കാന്‍ സാധിച്ചില്ലെങ്കില്‍ ദൗത്യം ഉടനുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മയക്ക് വെടിവയ്‌ക്കാന്‍ കഴിയുന്ന സ്ഥലത്തേക്ക് ആന എത്താത്തത് ഏറെ വെല്ലുവിളിയാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ദൗത്യത്തിന് ഇടവേള നല്‍കാനാണ് തീരുമാനം. ചിന്നക്കനാല്‍ മേഖലയില്‍ പലയിടങ്ങളിലും പുല്ല് വളര്‍ന്ന് നില്‍ക്കുകയാണ്. ഇതും ദൗത്യം പൂര്‍ത്തീകരിക്കുന്നതിന് വെല്ലുവിളിയാണ്. അതുകൊണ്ട് പുല്ല് ഉണങ്ങുന്നതുവരെ കാത്തിരിക്കുമെന്നാണ് വനംവകുപ്പ് നല്‍കുന്ന സൂചന.
നിരോധനാജ്ഞ തുടരും
ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞ ഇന്നും തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാർഡുകളിലാണ് നിയന്ത്രണങ്ങൾ നിലവിലുള്ളത്. ഈ വാര്‍ഡുകളിലെ സ്‌കൂളുകളും അടച്ചിടും.






