ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ‘പി.ഡി.എ. രഥയാത്ര’യ്ക്കിടെ ബുൾഡോസർ ഇടിച്ച് ബി.ജെ.പി. നേതാവിന്റെ 14 വയസ്സുകാരനായ മകൻ മരിച്ചു. ബുധനാഴ്ചയായിരുന്നു സംഭവം. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബാംഗങ്ങളും ബി.ജെ.പി. പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. അഖിലേഷ് യാദവിനും പരിപാടിയുടെ സംഘാടകർക്കുമെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിയായ ആര്യവർധൻ സിങ്ങാണ് മരിച്ചത്. പിതാവ് ഓംകാർ സിംഗ് ശ്രീനേത്ത് ഗോരഖ്പൂരിൽ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ കോൺടാക്ട് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ്.
പിതാവിന്റെ മൊഴി പ്രകാരം ഉച്ചയ്ക്ക് രണ്ടുമണിയോടെ അഖിലേഷ് യാദവിന്റെ വാഹനവ്യൂഹം പ്രദേശത്തുകൂടി കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. സഹോദരിയെ കൂട്ടിക്കൊണ്ടുവരാൻ സ്കൂളിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ പിന്നിൽനിന്നെത്തിയ ബുൾഡോസർ ആര്യവർധനെ ഇടിക്കുകയായിരുന്നു.









