ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റം; തീരുമാനം ഹൈക്കോടതിയെ അറിയിക്കാൻ കേരളം

0
11

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏര്‍പ്പെടുത്തിയ ഏകീകൃത വെള്ള നിറം വേണമെന്ന നിബന്ധനയിൽ ഇളവ് വരുത്താൻ കേരള സർക്കാർ. തീരുമാനം സര്‍ക്കാര്‍ നാളെ (നവംബര്‍ 19) ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് ബസ് ഉടമകളുമായും മറ്റ് ബന്ധപ്പെട്ടവരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ഇന്നലെ ചേർന്ന സംസ്ഥാന ഗതാഗത അതോറിറ്റി യോഗത്തിലാണ് വിഷയം സംബന്ധിച്ച് തീരുമാനമെടുത്തത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണർ ജി.സ്‌പർജൻ കുമാർ, പൊലീസ് ഇൻസ്‌പെക്‌ടർ ജനറൽ പി.പ്രകാശ്, സർക്കാർ നോമിനി കെ.സുരേഷ് ബാബു എന്നിവരടങ്ങിയ സമിതിയാണ് വിഷയം പരിശോധിച്ച് അന്തിമ തീരുമാനമെടുത്തതെന്നും ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു. നിബന്ധനകളോടെയുള്ള നിറം മാറ്റല്‍ അനുമതിയെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചന. എന്നാല്‍ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിയന്ത്രണം തുടരുകയും ചെയ്യും.

ബസുകൾക്ക് വെള്ള നിറം നിര്‍ബന്ധമാക്കിയത്

2022ലെ വടക്കഞ്ചേരി ബസ് അപകടത്തെത്തുടർന്നാണ് സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ള നിറം നിർബന്ധമാക്കിയത്. എന്നാൽ ഈ നിയന്ത്രണം ടൂറിസ്റ്റ് ബസ് മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ബസ് ഉടമകൾ നിരന്തരം പരാതിപ്പെട്ടിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ‘ഓൾ ഇന്ത്യ പെർമിറ്റ്’ ബസുകൾക്ക് ഇത്തരം നിറം സംബന്ധിച്ച നിയന്ത്രണങ്ങൾ ബാധകമല്ലാത്തതിനാൽ കേരളത്തിൽ രജിസ്റ്റർ ചെയ്‌ത വാഹനങ്ങൾക്ക് സർവീസുകൾ നഷ്‌ടപ്പെടുന്ന അവസ്ഥയാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഈ നിയന്ത്രണങ്ങൾ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിച്ചിരുന്നു.

ബസ് ഉടമകളുടെ അഭ്യർഥനകൾ പരിഗണിച്ച് നിലവിലുള്ള നിറം സംബന്ധിച്ച നിബന്ധനകൾ പുനഃപരിശോധിക്കുന്നതിനായി സെപ്റ്റംബറിൽ സർക്കാർ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അതേസമയം, നിറം സംബന്ധിച്ച നിബന്ധനകളിൽ ഇളവ് വരുത്തുന്നത് സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യുന്നതായി അർഥമാക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. റോഡിലെ മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വലിയ ചിത്രങ്ങളോ ഗ്രാഫിക്‌സുകളോ പരസ്യങ്ങളോ ടൂറിസ്റ്റ് ബസുകളുടെ പുറത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ല.

അനുവദനീയമല്ലാത്ത എൽഇഡി (LED) ലൈറ്റുകൾ, സ്ട്രിപ്പ് ലൈറ്റുകൾ, ഹാലജൻ ലാമ്പുകൾ എന്നിവ ഘടിപ്പിച്ച വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകില്ല. ബസുകളിൽ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതും പൂർണമായും നിരോധിച്ചിരിക്കുന്നു. 2019ലെ ഹൈക്കോടതി ഉത്തരവിലും കേന്ദ്ര മോട്ടോർ വാഹന നിയമത്തിലും നിഷ്‌കർഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാ വാഹനങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തുമെന്ന് പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here