സ്തനത്തിലുണ്ടാകുന്ന ചെറിയ മുഴകൾ ഒരിക്കലും അവഗണിക്കരുത്. സാധാരണ പലരും ഇത്തരത്തിലുള്ള ചെറിയ മുഴകൾ ശ്രദ്ധിക്കാറില്ല. മുഴകൾ വേദനാരഹിതമാണെങ്കിൽ ഡോക്ടറെ കാണാൻ പലരും വിസമ്മതിക്കും. ഇന്ത്യയിൽ ഇത്തരം പ്രവണതകൾ വളരെ സാധാരണമാണ്. പല കേസുകളിലും, സ്തനാർബുദം വൈകി കണ്ടെത്തുന്നതിനുള്ള പ്രധാന കാരണം ഇതാണ്. വൈകിയുള്ള കണ്ടെത്തൽ തുടർന്നുള്ള ചികിത്സയെയും ഫലങ്ങളെയും സ്വാധീനിക്കും.
ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണ അർബുദമായി സ്തനാർബുദം ഇപ്പോൾ മാറിയിരിക്കുന്നു. ഐസിഎംആർ നേതൃത്വത്തിൽ നടത്തിയ കാൻസർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഇന്ത്യയിലെ സ്തനാർബുദ രോഗികളുടെ അഞ്ച് വർഷത്തെ അതിജീവന നിരക്ക് 66.4 ശതമാനമാണ്. മറ്റ് അർബുദം ബാധിച്ച സ്ത്രീകളേക്കാൻ 4.4 മടങ്ങ് കൂടുതലാണ് പ്രാരംഭ ഘട്ടത്തിൽ സ്തനാർബുദം കണ്ടെത്തിയ സ്ത്രീകളുടെ അതിജീവന നിരക്ക്.
‘യുഎസിൽ 63 ശതമാനം സ്തനാർബുദ കേസുകളും പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നു. ഇതിനു വിപരീതമായി, ഇന്ത്യയിൽ 57 ശതമാനം കേസുകളും രോഗം ചുറ്റുമുള്ള ടിഷ്യൂകളിലേക്കോ ലിംഫ് നോഡുകളിലേക്കോ വ്യാപിച്ചതിന് ശേഷമാണ് കണ്ടെത്തുന്നത്’ റാഞ്ചിയിലുള്ള എച്ച്സിജി അബ്ദുർ റസാഖ് അൻസാരി കാൻസർ ആശുപത്രിയിലെ കൺസൾട്ടെൻ്റ് മെഡിക്കൽ ഓങ്കോളജി ഡോക്ടർ ചന്ദ്രശേഖർ പ്രസാദ് സിങ് പറഞ്ഞു.
ആശങ്കാജനകമായ പുതിയ കണക്കുകൾ
ദി ലാൻസെറ്റ് റീജിയണൽ ഹെൽത്ത് – സൗത്ത് ഈസ്റ്റ് ഏഷ്യ’ (The Lancet Regional Health – Southeast Asia) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം, 2009നും 2020-നും ഇടയിൽ ചികിത്സ തേടിയ ഇന്ത്യയിലെ 76,356 സ്ത്രീകളുടെ വിവരങ്ങൾ വിശകലനം ചെയ്തിരുന്നു.
ബെംഗളൂരുവിലെ ഐ.സി.എം.ആർ (ICMR) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻ.സി.ഡി എപ്പിഡെമിയോളജിയിലെ (National Institute of NCD Epidemiology) ഗവേഷകർ ഇതിൽ 12.96 ശതമാനം കേസുകളിലും രോഗനിർണയം നടത്തുമ്പോഴേക്കും അർബുദം ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞിരുന്നു എന്ന് കണ്ടെത്തി. ആഗോള ശരാശരിയേക്കാൾ ഏകദേശം ആറ് ശതമാനം ഉയർന്ന നിരക്കാണിത്.
സാഹചര്യത്തിൻ്റെ ഗൗരവം ട്യൂമറുകളുടെ വലുപ്പത്തിലും പ്രതിഫലിക്കുന്നുണ്ട്. ‘ലാൻസെറ്റ്’ പഠനമനുസരിച്ച്, 5 മുതൽ 10 സെൻ്റീമീറ്റർ വരെ വലുപ്പമുള്ള ട്യൂമറുകളുമായി ഡോക്ടറെ സമീപിക്കുന്ന സ്ത്രീകളിൽ, അർബുദം ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കാനുള്ള സാധ്യത ഏകദേശം മൂന്നിരട്ടിയാണ്. 10 മുതൽ 20 സെൻ്റീമീറ്റർ വരെ വലുപ്പമുള്ള ട്യൂമറുകളുള്ള സ്ത്രീകളിൽ ഈ സാധ്യത ഏകദേശം നാലിരട്ടിയോളം കൂടുതലാണ്. അഞ്ച് സെൻ്റീമീറ്റർ വലുപ്പമുള്ള ഒരു ട്യൂമർ ഏകദേശം ഒരു നാരങ്ങയുടെ വലുപ്പത്തിന് തുല്യമാണ്. ഇത്രയും വലിയൊരു ട്യൂമർ ഒറ്റരാത്രികൊണ്ട് രൂപപ്പെടുന്നതല്ല.
ഗുവാഹത്തിയിലെ ഡോ. ബി. ബറുവ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 2019-ൽ രജിസ്റ്റർ ചെയ്ത 269 സ്തനാർബുദ രോഗികളിൽ നടത്തിയ ഒരു പഠനത്തിൽ, രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് മുതൽ ചികിത്സ ആരംഭിക്കുന്നത് വരെയുള്ള ശരാശരി സമയം 203 ദിവസമാണെന്ന് (ഏകദേശം ഏഴ് മാസം) കണ്ടെത്തി. രോഗികൾ ആദ്യമായി ഒരു ഡോക്ടറെ സമീപിക്കാൻ ശരാശരി 35 ദിവസമെടുത്തു. എന്നാൽ, അതിനുശേഷമുള്ള കാത്തിരിപ്പ് അതിലും നീണ്ടതായിരുന്നു. വൈദ്യസഹായം തേടിയതിന് ശേഷം ചികിത്സ ആരംഭിക്കാൻ ശരാശരി 130 ദിവസമെടുത്തു.
ഭയം, സമൂഹം എങ്ങനെ കാണുമെന്ന ചിന്ത, കുടുംബപരമായ ഉത്തരവാദിത്തങ്ങൾ, രോഗലക്ഷണങ്ങളെ നിസാരമായി തള്ളിക്കളയുന്ന പ്രവണത, പുരുഷ ഡോക്ടർമാരെക്കൊണ്ട് പരിശോധന നടത്താനുള്ള മടി എന്നിങ്ങനെ ഈ കാലതാമസത്തിന് പല കാരണങ്ങൾ പഠനത്തിൽ കണ്ടെത്തി. സംശയാസ്പദമായ കേസുകൾ നേരത്തെ തിരിച്ചറിയുന്നതിനും രോഗികളെ ഉചിതമായ വിദഗ്ധ ഡോക്ടർമാരുടെ അടുത്തേക്ക് വേഗത്തിൽ റഫർ ചെയ്യുന്നതിനും സ്വകാര്യ ആരോഗ്യ സേവന ദാതാക്കൾക്ക് മികച്ച പരിശീലനം നൽകേണ്ടതിൻ്റെ ആവശ്യകതയും പഠനം എടുത്തുകാട്ടുന്നു.
ഓരോ ആഴ്ചയും നിർണായകം
അർബുദം സ്ഥിരീകരിക്കുന്നതിന് മുമ്പുള്ള കാലയളവിൽ മാത്രമല്ല, അതിനുശേഷവും സമയം വളരെ പ്രധാനമാണ്. രോഗം സ്ഥിരീകരിച്ച ശേഷം ചികിത്സ തുടങ്ങാൻ വൈകുന്നത് രോഗഫലങ്ങളെ ദോഷകരമായി ബാധിച്ചേക്കാം. 2020-ൽ ദി ബി.എം.ജെ (The BMJ)-യിൽ പ്രസിദ്ധീകരിച്ച 34 പഠനങ്ങളുടെ അവലോകന റിപ്പോർട്ടിൽ, അർബുദ ശസ്ത്രക്രിയ നടത്താൻ നാല് ആഴ്ച വൈകുമ്പോള് മരണസാധ്യത ആറ് മുതൽ എട്ട് ശതമാനം വരെ വർധിക്കുമെന്ന് കണ്ടെത്തി. സ്തനാർബുദത്തിൻ്റെ കാര്യത്തിലും ഇത് ബാധകമാണ്. സ്തനാർബുദ ശസ്ത്രക്രിയയുടെ കാര്യത്തിൽ, എട്ട് ആഴ്ചത്തെ കാലതാമസം മരണസാധ്യത 17 ശതമാനവും 12 ആഴ്ചത്തെ കാലതാമസം 26 ശതമാനവും വർധിപ്പിക്കുമെന്ന് ഗവേഷകർ കണക്കാക്കുന്നു.
ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾ എന്താണ് ചെയ്യേണ്ടത്?
സ്തനത്തിൽ പുതിയതായി എന്തെങ്കിലും മുഴയോ, ചർമത്തിന് കട്ടി കൂടുകയോ, ചർമത്തിൽ മറ്റ് മാറ്റങ്ങളോ, മുലക്കണ്ണിൽ നിന്ന് എന്തെങ്കിലും സ്രവം വരികയോ ചെയ്താൽ, എത്രയും വേഗം ഒരു ഡോക്ടറെ സമീപിക്കുക. വേദന വരുന്നത് വരെ കാത്തിരിക്കരുത്.
എല്ലാ മുഴകളും കാൻസർ ആകണമെന്നില്ല. എന്നാൽ, ക്ലിനിക്കൽ പരിശോധന, ഇമേജിങ് പരിശോധനകൾ, ബയോപ്സി എന്നിവയിലൂടെ മാത്രമേ ഇത് സ്ഥിരീകരിക്കാൻ കഴിയൂ. കാൻസർ സ്ഥിരീകരിക്കുകയാണെങ്കിൽ, ചികിത്സയെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും ഡോക്ടറോട് ചോദിച്ചറിയുക. ചികിത്സാ പ്രക്രിയയിൽ അനാവശ്യമായ കാലതാമസം വരുന്നില്ലെന്ന് ഉറപ്പാക്കുക.
ഈ ഘട്ടത്തിൽ കുടുംബത്തിൻ്റെ പങ്കും വളരെ പ്രധാനമാണ്. രോഗിയെ ഡോക്ടറെ കാണാൻ കൊണ്ടുപോകുന്നതിൽ സഹായിക്കുക. എന്തെങ്കിലും മടിയോ നാണക്കേടോ കാരണം പരിശോധനയ്ക്ക് വിധേയയാകുന്നതിൽ കാലതാമസം നേരിടുന്നുണ്ടെങ്കിൽ, ഒരു വനിതാ ഡോക്ടറെ കാണാൻ ആവശ്യപ്പെടാവുന്നതാണ്.
സ്തനത്തിൽ ഒരു മുഴ കാണുന്നത് എല്ലായ്പ്പോഴും അർബുദമാണെന്ന് അർഥമാക്കുന്നില്ല. എന്നാൽ, പരിശോധനയോ ചികിത്സയോ വൈകിപ്പിക്കുന്നത്, കൃത്യസമയത്ത് ശ്രദ്ധിച്ചിരുന്നെങ്കിൽ ഫലപ്രദമായി കൈകാര്യം ചെയ്യാമായിരുന്ന ഒരു അവസ്ഥയെ സങ്കീർണ്ണമായ പ്രശ്നമാക്കി മാറ്റിയേക്കാം.






