വിശാഖപട്ടണം/തിരുവനന്തപുരം: തീരദേശ ആന്ധ്രയെയും ഒഡീഷയെയും വീണ്ടും മുനമ്പിൽ നിർത്തി ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചുഴലിക്കാറ്റ് ഭീതി കൂടി രൂപപ്പെടുന്നു. ‘അർണബ്’, ‘മുരശു’ കൊടുങ്കാറ്റുകൾ വിതച്ച നാശനഷ്ടങ്ങളിൽ നിന്ന് കരകയറും മുൻപാണ് ‘അക്വാൻ’ എന്ന് പേരിട്ടിരിക്കുന്ന അതീവ തീവ്ര ചുഴലിക്കാറ്റ് ഇരച്ചെത്തുന്നത്.
ഇറാൻ നിർദേശിച്ച, ‘രാക്ഷസ ശക്തി’ എന്നർഥം വരുന്ന ‘അക്വാൻ’ തിങ്കളാഴ്ചയോടെ (നവംബർ 16) ചുഴലിക്കാറ്റായും ചൊവ്വാഴ്ചയോടെ അതിശക്തമായ ചുഴലിക്കാറ്റായും മാറും. തീരദേശ ആന്ധ്രയിലെ മച്ചിലിപട്ടണത്തിനും ഒഡീഷയിലെ ഗോപാൽപൂരിനും ഇടയിൽ എവിടെയെങ്കിലും ഈ ചുഴലിക്കാറ്റ് തീരം തൊടാനാണ് സാധ്യത. ഇതിൻ്റെ സ്വാധീനത്താൽ നവംബർ 19, 20 തീയതികളിൽ ആന്ധ്രാ തീരത്ത് മണിക്കൂറിൽ 145 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും, 21 സെൻ്റീമീറ്ററിലധികം ലഭിക്കുന്ന അതിതീവ്രമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തീരദേശ മേഖലകളെ ഭീതിയിലാഴ്ത്തി അടുത്ത ദിവസങ്ങളിൽ വീശിയടിച്ച രണ്ട് ചുഴലിക്കാറ്റുകൾക്ക് തൊട്ടുപിന്നാലെയാണ് മൂന്നാമതൊരു കൊടുങ്കാറ്റ് കൂടി രൂപപ്പെടുന്നത് എന്നത് ആശങ്ക ഇരട്ടിയാക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ സാഹചര്യത്തെ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. പ്രധാനമായും ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെങ്കിലും തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും ഇതിൻ്റെ ഭാഗമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്
എന്താണ് ‘അക്വാൻ’?
ഇറാൻ നിർദേശിച്ച ഈ പേരിൻ്റെ അർഥം ‘രാക്ഷസ ശക്തി’ എന്നാണ്. തൻ്റെ പേരിനെ അന്വർഥമാക്കും വിധം വരും ദിവസങ്ങളിൽ ഇത് കൂടുതൽ ശക്തിപ്രാപിച്ച് തീരത്തേക്ക് അടുക്കുമെന്നാണ് ഉപഗ്രഹചിത്രങ്ങൾ നൽകുന്ന സൂചന. പേർഷ്യൻ ഇതിഹാസമായ ‘ഷാ നാമേ’യിലെ രൂപം മാറാൻ കഴിയുന്ന ഒരു രാക്ഷസ കഥാപാത്രമായ ‘അക്വാൻ ദീവ്’ എന്ന പേരിൽ നിന്നാണ് ഇത് സ്വീകരിച്ചിരിക്കുന്നത്. പേർഷ്യൻ ഭാഷയിൽ ഇതിനർഥം ‘ദുഷ്ടമനസ്സ്’ അല്ലെങ്കിൽ ‘രാക്ഷസ ശക്തി’ എന്നാണ്.
കേരളത്തെ ബാധിക്കുമോ?
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ‘അക്വാൻ’ ചുഴലിക്കാറ്റ് പ്രധാനമായും ആന്ധ്ര, ഒഡീഷ, തമിഴ്നാട് തീരങ്ങളെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെങ്കിലും, ഇതിൻ്റെ പരോക്ഷ സ്വാധീനം കേരളത്തിലും പ്രതിഫലിക്കും. ചുഴലിക്കാറ്റിൻ്റെ സ്വാധീനം കാരണം കേരളത്തിൽ നവംബർ 15 മുതൽ നവംബർ 19-20 വരെ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയും പ്രതീക്ഷിക്കാം. അതേസമയം, നിലവില്‍ ഒരു ജില്ലകളിലും പ്രത്യേകം അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.
കൊടുങ്കാറ്റിൻ്റെ സഞ്ചാരപഥം വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലായതിനാൽ, ആന്ധ്രാപ്രദേശിലോ തമിഴ്നാട്ടിലോ ഉണ്ടാകുന്നത് പോലെയുള്ള അതിതീവ്ര മഴയോ ശക്തമായ കാറ്റോ കേരളത്തിൽ ഉണ്ടാകാൻ സാധ്യതയില്ല. മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ അന്തരീക്ഷത്തിൽ നേരിയ മേഘാവൃതമായ അവസ്ഥ തുടരും. കേരളത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മലയോര മേഖലകളിലും കിഴക്കൻ ജില്ലകളിലും വൈകുന്നേരങ്ങളിൽ ഉണ്ടാകാനിടയുള്ള ഇടിമിന്നല്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.








