കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് പുതിയ സംവിധാനം;

0
5

തിരുവനന്തപുരം: സംസ്ഥാനത്ത് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സമഗ്ര ദുരന്തനിവാരണ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് കേരളം ഏറെ സാധ്യതയുള്ള പ്രദേശമാണെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയതെന്ന് നിയമസഭയിൽ ചോദ്യോത്തരവേളയിൽ അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിക്കാൻ പര്യാപ്തമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ചുഴലിക്കാറ്റ്, മേഘവിസ്‌ഫോടനം, അതിശക്തമായ മഴ, സുനാമി തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിടാൻ ഇതിലൂടെ സാധിക്കും. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതും അവരുടെ പുനരധിവാസവും പദ്ധതിയുടെ പ്രധാന ഭാഗമാണ്. ബംഗാൾ ഉൾക്കടലിലെ കാലാവസ്ഥാ ഭീഷണികൾ കേരളത്തെ നേരിട്ട് ബാധിക്കുന്നുണ്ട്. അറബിക്കടൽ പൊതുവെ ശാന്തമായിരുന്നുവെങ്കിലും നിലവിൽ സാഹചര്യങ്ങൾ മാറിയിരിക്കുകയാണ്. സുനാമി, ചുഴലിക്കാറ്റ്, അതിശക്തമായ മഴ, മേഘവിസ്‌ഫോടനം എന്നിവ എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നതിനാൽ കേരളത്തെ ദുരന്തസാധ്യതയുള്ള മേഖലയായി കണ്ട് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും വിവിധ സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ സംയോജിപ്പിച്ച് സമയബന്ധിതവും ഫലപ്രദവുമായ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തീരദേശ ഭീഷണികൾ, പശ്ചിമഘട്ടത്തിലെ ഉരുൾപൊട്ടൽ സാധ്യതകൾ, നദികളിലെ വെള്ളപ്പൊക്കം, അണക്കെട്ട് മാനേജ്മെൻ്റ് തുടങ്ങിയ പ്രാദേശിക വെല്ലുവിളികൾ കണക്കിലെടുത്ത് ഓരോ ജില്ലയ്ക്കും പ്രത്യേക ദുരന്തനിവാരണ സംവിധാനങ്ങൾ ഒരുക്കും. ഇതിനായി ഐ.ഐ.ടി. റൂർക്കി, ഐ.ഐ.ടി. മദ്രാസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ വിദഗ്ധോപദേശം തേടാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. മനുഷ്യജീവൻ്റെയും സ്വത്തുക്കളുടെയും സംരക്ഷണത്തിനായുള്ള ഇത്തരം പദ്ധതികൾക്ക് സാമ്പത്തിക പ്രതിസന്ധി ഒരിക്കലും തടസ്സമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയുടെ ഭാഗമായി വയനാട് സൈറൺ ശൃംഖലയിൽ അഞ്ച് അധിക മുന്നറിയിപ്പ് സൈറണുകളും ഒരു ഫയർ അലാറവും സ്ഥാപിക്കാൻ സർക്കാരിൻ്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി നാല് കോടി രൂപ അനുവദിച്ചു. ഒൻപത് തീരദേശ പഞ്ചായത്തുകളെ യുനെസ്കോയുടെ സുനാമി റെഡി സർട്ടിഫിക്കേഷനായി ശിപാർശ ചെയ്തിട്ടുണ്ട്. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഐ.ഐ.ടി. റോപ്പറുമായി സഹകരിച്ച് 51 ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങൾ സ്ഥാപിച്ചു. വയനാട് ജില്ലയിൽ ഡോപ്ലർ റഡാറും സജ്ജമാക്കി. യുവ ആപത് മിത്ര പദ്ധതിയുടെ ഭാഗമായി 10000 സന്നദ്ധപ്രവർത്തകർക്ക് രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം നൽകുകയും വന്യജീവി ദുരന്തനിവാരണ കേന്ദ്രം സജ്ജീകരിക്കുകയും ചെയ്തു. ആലപ്പുഴയിൽ അഞ്ച് അധിക മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാൻ 3.53 കോടി രൂപയും വയനാട്ടിലെ ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ 3.93 കോടി രൂപയും അനുവദിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പുമായി സഹകരിച്ച് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ആധുനിക റഡാർ സംവിധാനങ്ങൾ സ്ഥാപിക്കും. ചാലിയാർ, മീനച്ചിൽ നദീതീരങ്ങൾ, മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ ചില ഭാഗങ്ങൾ എന്നിങ്ങനെ ദുരന്തസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രാഥമിക നടപടികൾക്കായി തുക അനുവദിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം പരിഹരിക്കുന്നതിനായി എടവനക്കാട് പഞ്ചായത്തിൽ നദീപരിപാലന വിദഗ്ധരെ ഉൾപ്പെടുത്തി ഒരു പൈലറ്റ് പ്രൊജക്ട് നടപ്പാക്കുന്നുണ്ട്.

2018ലെയും 2019ലെയും പ്രളയങ്ങളെത്തുടർന്ന് നദികളിൽ ചെളി അടിഞ്ഞുകൂടിയത് അവയുടെ ജലവാഹക ശേഷി കുറച്ചു. അടുത്ത മൺസൂൺ കാലത്തിന് മുൻപായി ഈ അവശിഷ്ടങ്ങൾ നീക്കം ചെയ്യും. ദുരന്തസാധ്യതയുള്ള സ്ഥലങ്ങൾക്കായി പ്രത്യേക മാർഗരേഖകൾ തയാറാക്കും. തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിക്ക് സമീപം ശക്തമായ തിരമാലകൾ വള്ളങ്ങളിൽ ഇടിക്കുന്നത് ചെറുക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും പാവപ്പെട്ട ജനങ്ങളെയും മത്സ്യത്തൊഴിലാളികളെയും പ്രകൃതിയുടെ കാരുണ്യത്തിന് വിട്ടുകൊടുക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here