തിരുവനന്തപുരം: വിദ്യാർഥികൾക്കായി കുറഞ്ഞ ചെലവിൽ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘ വിജ്ഞാന ദർശിനി ‘ അവതരിപ്പിച്ച് കെഎസ്ആർടിസി. സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് വിനോദയാത്രയാണ് കെഎസ്ആർടിസി നൽകുന്നത്. വിജ്ഞാനവും വിനോദവും ഒരുപോലെ പകർന്നുനൽകുന്ന വിനോദയാത്രാ പാക്കേജാണ് ഗതാഗത മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം, കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.
സാംസ്കാരിക സ്ഥാപനങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിച്ച് വിനോദത്തോടൊപ്പം വിദ്യാർഥികൾക്ക് വിജ്ഞാനവും പ്രായോഗിക അറിവും പകർന്നുനൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കും സമീപപ്രദേശങ്ങളിലെ ആകർഷണീയ കേന്ദ്രങ്ങളിലേക്കുമായി വിവിധ യാത്രാ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. മറ്റ് ജില്ലകളിലും ‘വിജ്ഞാന ദർശിനി’ പാക്കേജ് നടപ്പിലാക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാവുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകതകൾക്കനുസരിച്ച് ഇൻഡസ്ട്രിയൽ വിസിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.
പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക കെഎസ്ആർടിസി ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. ബജറ്റ് ടൂറിസം സെല്ലിൻ്റെ പ്രത്യേക ബസുകളിൽ 36 വിദ്യാർഥികൾക്ക് ഒരേസമയം യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്.
വിദ്യാർഥികളുടെ പഠനാനുഭവങ്ങൾ വിപുലീകരിക്കുക, പ്രകൃതിയെയും ശാസ്ത്രത്തെയും ചരിത്രത്തെയും അടുത്തറിയാൻ അവസരമൊരുക്കുക, പാഠപുസ്തകങ്ങളിലെ അറിവുകൾക്ക് പ്രായോഗിക അനുഭവങ്ങളിലൂടെ കൂടുതൽ വ്യക്തത നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ‘വിജ്ഞാന ദർശിനി’ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യത്തിനും ആവശ്യകതകൾക്കും അനുസരിച്ച് യാത്രകൾ ക്രമീകരിക്കുന്നതിനും പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അതത് ജില്ലകളിലെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.
ജില്ലാ കോ-ഓർഡിനേറ്റർമാരുടെ ബന്ധപ്പെടേണ്ട നമ്പറുകൾ:
- തിരുവനന്തപുരം നോർത്ത് – 9188619378
- തിരുവനന്തപുരം സൗത്ത് – 9188938522
- കൊല്ലം – 9188938523
- പത്തനംതിട്ട – 9188938524
- ആലപ്പുഴ – 9188938525
- കോട്ടയം – 9188938526
- ഇടുക്കി – 9188938527
- എറണാകുളം – 9188938528
- തൃശൂർ – 9188938529
- പാലക്കാട് – 9188938530
- മലപ്പുറം – 9188938531
- കോഴിക്കോട് – 9188938532
- വയനാട് – 9188938533
- കണ്ണൂർ & കാസർകോട് – 9188938534
വിദ്യാഭ്യാസവും വിനോദവും കൈകോർക്കുന്ന ‘വിജ്ഞാന ദർശിനി’യിലൂടെ വിദ്യാർഥികൾക്ക് പഠനത്തിൻ്റെ ഭാഗമായി പുതിയ അനുഭവങ്ങളും അറിവുകളും നേടുന്നതിനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കുന്നത്.







