രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ; മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്‌ച നടത്തും

0
2

 മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്‌ച നടത്തും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചെന്നൈ നീലാങ്കരയിലുള്ള കാസുവാരിന ഡ്രൈവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചാണ് നിർണായക കൂടിക്കാഴ്‌ച നടക്കുന്നത്.

തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും എംപിയുമായ മാണിക്കം ടാഗോർ എക്‌സിലൂടെയാണ് രാഹുൽ ഗാന്ധിയുടെ സന്ദർശന വിവരം ഔദ്യോഗികമായി അറിയിച്ചത്. വസതിയിൽ എത്തുന്ന രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രി വിജയ് ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ട്. ചെന്നൈയിൽ എത്തുന്ന കോൺഗ്രസ് നേതാവിന് ആവേശകരമായ സ്വീകരണം നൽകുന്നതിനായി പാർട്ടി പ്രവർത്തകർ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടിക്കാഴ്‌ചയ്ക്ക് ശേഷം വൈകിട്ട് അഞ്ചിന് ഐലൻഡ് ഗ്രൗണ്ടിൽ നടക്കുന്ന വോയ്‌സ് ഓഫ് സ്റ്റുഡൻ്റ്സ് പരിപാടിയിലും രാഹുൽ ഗാന്ധി പങ്കെടുക്കും.

വിദ്യാർഥികളുമായി സംവാദം
കോളജ് വിദ്യാർഥികളുമായി സംവദിക്കുന്നതിനായി രാഹുൽ ഗാന്ധി രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചുവരികയാണ്. ഇതിൻ്റെ ഭാഗമായാണ് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി ഐലൻഡ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന വോയ്‌സ് ഓഫ് സ്റ്റുഡൻ്റ്സ് എന്ന സംവാദ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുന്നത്. രാജ്യ തലസ്ഥാനത്ത് പ്രക്ഷോഭങ്ങൾ അലയടിക്കുന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധി വിദ്യാർഥികളോട് എന്ത് കാര്യങ്ങളാകും സംസാരിക്കുക എന്നത് രാജ്യം ഉറ്റുനോക്കുകയാണ്. സമകാലിക രാഷ്ട്രീയ വിഷയങ്ങളും കേന്ദ്ര സർക്കാരിൻ്റെ നയങ്ങളും സംവാദത്തിൽ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.

രാഷ്ട്രീയ നീക്കങ്ങൾ
ഡൽഹിയിൽ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തപ്പോൾ സഖ്യകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ) മൗനം പാലിച്ചത് വലിയ ചർച്ചയായിരുന്നു. ബിജെപിക്കെതിരെ വിമർശനം ഉന്നയിക്കാൻ ടിവികെ മടിക്കുന്നുവെന്ന ആരോപണം ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായി ഉന്നയിച്ചിരുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയും വിജയ്‌യും തമ്മിലുള്ള കൂടിക്കാഴ്‌ച നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാണ് ടിവികെയെന്ന് ടിസിസി അധ്യക്ഷൻ മാണിക്കം ടാഗോർ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ ടിവികെയുടെ രണ്ട് മന്ത്രിമാർ തമിഴ്‌നാട്ടിലെ ഇന്ത്യ സഖ്യത്തിൻ്റെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്‌തു. എന്നാൽ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പ്രസ്‌താവനകളൊന്നും ടിവികെ നേതൃത്വം പുറത്തിറക്കിയിട്ടില്ല. എസ്ഐആർ വിഷയം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടിക്ക് ലഭിക്കേണ്ട പ്രാതിനിധ്യം, ഭാവിയിലെ സഖ്യനീക്കങ്ങൾ, കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തുടങ്ങിയ നിർണായക വിഷയങ്ങൾ മുഖ്യമന്ത്രി വിജയ്‌യും രാഹുൽ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്‌ചയിൽ ചർച്ചയായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here