കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരത്തിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിൽ ആർഎസ്എസ് ആശയബന്ധമുള്ളവരെ ഉൾപ്പെടുത്തിയതിനെതിരെ വിദ്യാർഥി പ്രതിഷേധം. സെമിനാർ നടക്കുന്ന വേദിക്ക് പുറത്ത് പൊലീസും എസ്എഫ്ഐ, എൻഎസ്‌യുഐ, എംഎസ്എഫ്, എഐഎസ്എഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പരിപാടി തടയുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചതോടെ കാമ്പസിൽ വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സെമിനാറും വിവാദവും
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സാഹിത്യ അക്കാദമി, അഖില ഭാരതീയ സാഹിത്യ പരിഷത്ത്, കേരള കേന്ദ്ര സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. സർവകലാശാലയിലെ ലൈബ്രറി സെമിനാർ ഹാളിലാണ് പരിപാടി. സാഹിത്യ അക്കാദമിയുടെ ഔദ്യോഗിക വിവരമനുസരിച്ച് പ്രജ്ഞാ പ്രവാഹിൻ്റെ ദേശീയ കൺവീനർ ജെ നന്ദകുമാറാണ് ഉദ്ഘാടന സമ്മേളനത്തിലെ മുഖ്യപ്രഭാഷകൻ. ജെ നന്ദകുമാർ എത്തുന്നതും അഖില ഭാരതീയ സാഹിത്യ പരിഷത്ത് സഹസംഘാടകരാകുന്നതുമാണ് വിദ്യാർഥികളുടെ ആശങ്കയ്ക്ക് കാരണം.
സെമിനാറിനെതിരെ വിദ്യാർഥി പ്രതിഷേധം
പ്രജ്ഞാ പ്രവാഹിനെയും അഖില ഭാരതീയ സാഹിത്യ പരിഷത്തിനെയും ആർഎസ്എസ് ആശയബന്ധമുള്ള സംഘടനകളായാണ് വിദ്യാർഥി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേക ആശയധാരകളുമായി ബന്ധമുള്ളവർ കേന്ദ്ര സർവകലാശാലയുടെ പരിപാടിയിൽ പങ്കാളികളാകുന്നത് സ്ഥാപനത്തിൻ്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്ന് സംഘടന ഭാരവാഹികൾ വ്യക്തമാക്കി.
സർക്കുലറും വിദ്യാർഥി നിലപാടും
അതിനിടെ വന്ദേമാതര ആലാപനം തടഞ്ഞാൽ വിദ്യാർഥികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കാണിച്ച് സർവകലാശാല സർക്കുലർ പുറത്തിറക്കി. മൂന്ന് വർഷം തടവും പിഴയും ലഭിക്കാവുന്ന നിയമഭേദഗതി ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. എന്നാൽ ഈ സർക്കുലർ ഭീഷണിപ്പെടുത്താനുള്ള നീക്കമാണെന്ന് വിദ്യാർഥികൾ ആരോപിച്ചു. പരിപാടിയുടെ സ്വഭാവം, ലക്ഷ്യം, പുറത്തുനിന്നുള്ള സംഘടനകളെയും പ്രഭാഷകരെയും ഉൾപ്പെടുത്തിയതിൻ്റെ മാനദണ്ഡം എന്നിവയിൽ സർവകലാശാല ഭരണകൂടം വ്യക്തത വരുത്തണമെന്നാണ് വിദ്യാർഥി സംഘടനകളുടെ പ്രധാന ആവശ്യം. ജെ നന്ദകുമാർ സർവകലാശാലയിൽ എത്തിയാൽ തടയുമെന്ന് എസ്എഫ്ഐ അറിയിച്ചു.
വന്ദേമാതരം അനുസ്മരണത്തോട് എതിർപ്പില്ലെന്നും എന്നാൽ പരിപാടിയുടെ ലക്ഷ്യവും സർവകലാശാലയുടെ പങ്കും വ്യക്തമാക്കണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു. കേരള കേന്ദ്ര സർവകലാശാലയെ കാവിവത്കരിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് പരിപാടിയെന്നും ഇതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുമെന്നും എൻഎസ്‌യുഐ വ്യക്തമാക്കി. വന്ദേമാതരത്തിൻ്റെ ചരിത്രപ്രാധാന്യം അനുസ്മരിക്കുന്നതിനോ ദേശീയഗാനത്തിൻ്റെ ആദ്യ രണ്ട് ചരണങ്ങൾ ഉൾപ്പെടുത്തി പരിപാടി നടത്തുന്നതിനോ എതിർപ്പില്ലെന്നാണ് എസ്എഫ്ഐയുടെ നിലപാട്.
1937ൽ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ഉപയോഗിക്കാൻ തീരുമാനിച്ചതിൻ്റെ ചരിത്രപശ്ചാത്തലം കൂടി പരിഗണിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഗാനത്തിൻ്റെ പൂർണരൂപം അവതരിപ്പിക്കുന്നതിൻ്റെ പേരിൽ മതപരമായ പ്രതീകങ്ങളോ പ്രത്യേക ആശയധാരയോ വിദ്യാർഥികൾക്കുമേൽ അടിച്ചേൽപ്പിക്കരുത്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ പഠിക്കുന്ന കാമ്പസിൽ മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കപ്പെടണമെന്നും എസ്എഫ്ഐ കൂട്ടിച്ചേർത്തു.
പരിപാടിയുടെ വിശദാംശങ്ങൾ
വന്ദേമാതരത്തിൻ്റെ 150-ാം വാർഷികം പ്രമാണിച്ചുള്ള ദ്വിദിന ദേശീയ സെമിനാർ എന്ന നിലയിലാണ് സാഹിത്യ അക്കാദമി പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എഴുത്തുകാരും പണ്ഡിതരും പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന, സമാപന സമ്മേളനങ്ങൾക്ക് പുറമെ വന്ദേമാതരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സെഷനുകളും സംഘടിപ്പിക്കും. വേദിയിൽ സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ വിലക്കുറവോടെയുള്ള പുസ്തക വിൽപ്പനയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്. സമാപന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കർ മുഖ്യാതിഥിയാകും.






