തിരുവനന്തപുരം: സംസ്ഥാനത്തെ അപ്രഖ്യാപിത പവർകട്ട് അവസാനിപ്പിച്ച്, കൃത്യമായ മുന്നറിയിപ്പോടെ വൈദ്യുതി നിയന്ത്രണം നടപ്പാക്കുകയാണ് സർക്കാർ. ഇന്ന് മുതൽക്ക് പവർകട്ട് സമയം ഉപഭോക്താക്കളുടെ ഫോണില്‍ ലഭ്യമാകും. ഫോണിൽ എസ്എംഎസ് ലഭിക്കുന്നില്ലെങ്കിൽ കെഎസ്ഇബി പോർട്ടലിൽ നമ്പർ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇത് കൂടാതെ കെഎസ്ഇബിയുടെ ഔദ്യോഗിക ആപ്പിൽ ‘വിത്ത് യു’ എന്ന സംവിധാനത്തിനുള്ളിൽ രജിസ്റ്റർ ചെയ്താലും മതിയാകും. ഈ ആപ്പിന്റെ പരീക്ഷണം നടക്കുകയാണ്. ഇന്നോ നാളെയോ ആയി പരീക്ഷണം പൂർത്തീകരിച്ച് അലേർട്ടുകൾ ലഭ്യമാക്കുമെന്നാണ് വിവരം. ശ്രദ്ധിക്കുക, ആപ്പിന്റെ പേര് പ്ലേസ്റ്റോറിൽ ‘കെഎസ്ഇബി’ എന്നാണ്.
എങ്ങനെയാണ് വെബ്സൈറ്റിൽ നമ്പർ രജിസ്റ്റർ ചെയ്യുക?
നമ്പർ രജിസ്റ്റർ ചെയ്യുന്നതിനായി https://wss.kseb.in/selfservices/ എന്ന ലിങ്കിൽ ചെല്ലുക. ഇവിടെ കെഎസ്ഇബിയുടെ വിവിധ ഓൺലൈൻ സർവീസുകൾ ലഭ്യമാണ്. അവയിൽ രജിസ്റ്റർ മൊബൈൽ/ഇമെയിൽ എന്ന ഭാഗം തെരഞ്ഞെടുക്കുക. ഇവിടെ Receive alerts for new bills, supply interruptions എന്ന് എഴുതിയിരിക്കുന്നത് കാണാം.
നമ്മുടെ കൺസ്യൂമർ നമ്പർ നൽകണം. അടുത്തതായി ബിൽ നമ്പർ പൂരിപ്പിക്കാനുള്ള കോളമാണ്. അവിടെ ബിൽ നമ്പരും നൽകുക. തുടർന്ന് വരുന്ന കോളത്തിൽ കാപ്ച അടിച്ചു കൊടുത്ത് Validate എന്ന് എഴുതിയ ഭാഗത്ത് ക്ലിക്ക് ചെയ്യുക.
ഇന്ന് മുതൽ എല്ലാവർക്കും അലേർട്ട് ലഭിച്ചു തുടങ്ങുമെന്നാണ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരിക്കുന്നത്. എൽ നിനോ പ്രതിഭാസം മൂലം പവർകട്ട് ഇനിയും തുടരും. തുലാവർഷം വേണ്ടപോലെ ലഭിച്ചില്ലെങ്കിൽ ആ സമയത്തും പവർകട്ട് ലതുടരാൻ സാധ്യതയുണ്ട്.
കേരളത്തിൽ എല്ലായിടത്തും ഒരുപോലെയല്ല പവർകട്ട് നടപ്പാക്കുന്നത്. ഓരോ സബ്സ്റ്റേഷന് കീഴിലും ഫീഡർ അടിസ്ഥാനത്തിലാണ് പവർകട്ട് വരുന്നത്. ടൗൺ ഫീഡർ, ഇൻഡസ്ട്രിയൽ ഫീഡർ, ഗ്രാമീണ ഫീഡർ എന്നിങ്ങനെയുള്ള ഫീഡര്‍ ലൈനുകളിൽ അതത് മേഖലയുടെ ആവശ്യങ്ങളെ പരിഗണിച്ചായിരിക്കും പവർകട്ട്. ആറരയ്ക്കും 1 മണിക്കും ഇടയിൽ വൈദ്യുതി നിയന്ത്രണം നടപ്പാക്കുമെന്നാണ് മന്ത്രി പറയുന്നത്. ഏതാണ്ട് ഒരു മണിക്കൂർ നേരം എന്നതാണ് കണക്ക്.
പ്രതിസന്ധിക്ക് കാരണം എൽനിനോ പ്രതിഭാസം മൂലം മഴ കുറഞ്ഞതാണെന്ന് സർക്കാർ പറയുന്നു. ഡാമുകളിൽ വെള്ളമില്ല. ഇക്കാരണത്താൽ വൈദ്യുതി ഉൽപാദനം നടക്കുന്നില്ല.








