ഗുരുവായൂർ: തീർത്ഥാടനത്തിനിറങ്ങുന്ന ഭക്തർക്ക് സന്തോഷവാർത്ത. ഗുരുവായൂരിൽ നിന്ന് നേരിട്ട് പഴനിയിലേക്ക് കെഎസ്ആർടിസി സർവീസ്. രണ്ട് ബസ്സുകളാണ് ഗുരുവായൂർ നിന്ന് പുറപ്പെടുന്നത്.
രാവിലെ 6 മണിക്ക് ഗുരുവായൂരിൽ നിന്ന് ആദ്യത്തെ സര്‍വീസ് പുറപ്പെടും. 5:30 മണിക്കൂറിനുള്ളിൽ പളനിയിലെത്തും. രാവിലെ 11:30 ആണ് പളനിയിലെത്തുന്ന സമയം. രണ്ടാമത്തെ സർവീസ് രാവിലെ 11.30നും. 6:10 മണിക്കൂറിനുള്ളിൽ പളനിയിൽ എത്തിച്ചേരും. 5:40 ആണ് പളനിയിലെത്തുന്ന സമയം.
പഴനിയിൽ നിന്ന് തിരിച്ചുള്ള സർവീസ് ഉച്ചയ്ക്ക് 1 മണിക്കാണ്. വൈകീട്ട് 6.50ന് തിരികെയെത്തും. അടുത്ത സർവീസ് രാത്രി 10 മണിക്ക് യാത്ര തുടങ്ങും. ഈ വണ്ടി കാലത്ത് 3:30ന് ഗുരുവായൂർ എത്തിച്ചേരും.
ടിക്കറ്റ് ബുക്ക് ചെയ്യാൻ onlineksrtcswift.com എന്ന വെബ്സൈറ്റിൽ ചെല്ലുക. കുന്ദംകുളം, തൃശ്ശൂർ, വടക്കാഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ഗോവിന്ദപുരം, പൊള്ളാച്ചി, ഉദുമൽപേട്ട എന്നീ സ്ഥലങ്ങളിലൂടെയാണ് ബസ്സിന്റെ യാത്ര.
ടിക്കറ്റ് വില 202 രൂപയാണ്. ഫാസ്റ്റ് പാസഞ്ചർ ആണ് വണ്ടി.
റോപ്പ് കാർ സേവനം പുനരാരംഭിക്കുന്നു
പളനി ക്ഷേത്രത്തിലെ വാർഷിക അറ്റകുറ്റപ്പണികൾക്കായി നിർത്തിവെച്ചിരുന്ന റോപ്പ് കാർ സേവനം പുനരാരംഭിക്കാൻ പോവുകയാണ്. 2026 ജൂലൈ 20 മുതൽ റോപ്പ് കാർ സേവനം ഇല്ലാതിരുന്നത് ഭക്തർക്ക് പ്രയാസമുണ്ടായക്കിയിരുന്നു. സെപ്റ്റംബർ 12-ഓടെ പുനരാരംഭിക്കും.
റോപ്പ് കാറിന്റെ യന്ത്രഭാഗങ്ങളെല്ലാം കൃത്യമായ നോൺ-ഡിസ്ട്രക്ടീവ് ടെസ്റ്റിംഗിന് വിധേയമാക്കുകയും പകരമായി പുതിയ ഭാഗങ്ങൾ വാങ്ങുകയും ചെയ്തിട്ടുണ്ട്. കൊൽക്കത്തയിൽ നിന്ന് എത്തിച്ച 3 ലക്ഷം രൂപ വിലമതിക്കുന്ന പുതിയ ഷാഫ്റ്റ് സെപ്റ്റംബർ 4-നാണ് സ്ഥലത്തെത്തിയത്. ഗിയർബോക്‌സിന്റെ അറ്റകുറ്റപ്പണികളും ഷാഫ്റ്റ് ഘടിപ്പിക്കുന്ന ജോലികളും നിലവിൽ നടന്നുവരികയാണ്. ട്രയൽ റണ്ണുകൾ പൂർത്തിയായ ശേഷം യാത്രക്കാർക്കുള്ള പുതിയ ക്യാബിനുകൾ ഘടിപ്പിക്കും.
ഇതോടൊപ്പം ലോവർ റോപ്പ് കാർ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യ വികസന ജോലികളും പുരോഗമിക്കുന്നുണ്ട്. പുതിയ മേൽക്കൂര, ഫോൾസ് സീലിംഗ്, ഗ്രാനൈറ്റ് വാൾ ക്ലാഡിംഗ് എന്നിവയുടെ നിർമ്മാണം ഇതിൽ ഉൾപ്പെടുന്നു. തീർത്ഥാടകർക്കായി സേവനം പുനരാരംഭിക്കുന്നതിനായി സെപ്റ്റംബർ 12-ഓടെ എല്ലാ മെക്കാനിക്കൽ, സിവിൽ അറ്റകുറ്റപ്പണികളും പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.








