കുപ്പിവെള്ളത്തിന് ഏഴ് രൂപ കൂടുതൽ വാങ്ങി; കടയുടമയ്ക്ക് കിട്ടിയത് ഏഴ് ലക്ഷത്തിൻ്റെ എട്ടിൻ്റെ പണി!

0
3

വെറും ഏഴ് രൂപയുടെ ലാഭക്കൊതി ഒരു കച്ചവടക്കാരന് വരുത്തിവച്ചത് ഏഴ് ലക്ഷം രൂപയുടെ വൻ ബാധ്യത! കേൾക്കുമ്പോൾ അദ്ഭുതം തോന്നാമെങ്കിലും ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലുള്ള അന്നവരം ക്ഷേത്രപരിസരത്തെ ഒരു കടയുടമയ്ക്കാണ് ഈ അബദ്ധം പിണഞ്ഞത്. കുപ്പിവെള്ളത്തിന് എം.ആർ.പിയേക്കാൾ ഏഴ് രൂപ കൂടുതൽ ഈടാക്കിയതിന് ഉപഭോക്തൃ കമ്മിഷനാണ് ഏഴ് ലക്ഷം രൂപ പിഴ ചുമത്തി ഞെട്ടിച്ചത്.

ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന വ്യാപാരികൾക്കും പരാതികൾ അവഗണിക്കുന്ന ഉദ്യോഗസ്ഥർക്കും ശക്തമായ താക്കീതാവുകയാണ് കാക്കിനാഡ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ്റെ ഈ സുപ്രധാന വിധി. ഈ വർഷം ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കാക്കിനാഡ ജില്ലയിലെ പിഠാപുരം സ്വദേശിയായ ഡി. വെങ്കിടേശ്വര റാവു എന്ന ഭക്തൻ അന്നവരം ക്ഷേത്ര ദർശനത്തിനായി എത്തിയിരുന്നു. സത്യഗിരി കുന്നിൽ പ്രവർത്തിക്കുന്ന ‘സത്യദേവ ഫാൻസി, കോക്കനട്ട്സ് ആൻഡ് കൂൾ ഡ്രിങ്ക്സ്’ എന്ന കടയിൽ നിന്ന് അദ്ദേഹം ഒരു കുപ്പിവെള്ളം വാങ്ങി.

കുപ്പിവെള്ളത്തിൻ്റെ പരമാവധി ചില്ലറ വിൽപന വില (എം.ആർ.പി) 18 രൂപയായിരുന്നു. എന്നാൽ കടയുടമ വെങ്കിടേശ്വര റാവുവിൽ നിന്ന് 25 രൂപ ഈടാക്കി. നിശ്ചയിച്ച വിലയേക്കാൾ ഏഴ് രൂപ അധികമായി വാങ്ങിയതിനെ അദ്ദേഹം അപ്പോൾത്തന്നെ ചോദ്യം ചെയ്തു. തുടർന്ന് ക്ഷേത്ര അധികൃതരുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇതോടെ കൃത്യമായ തെളിവുകൾ സഹിതം അന്നവരം ക്ഷേത്ര ഭരണസമിതിക്ക് വാട്സാപ്പിലൂടെ അദ്ദേഹം ഔദ്യോഗികമായി പരാതി നൽകി. എന്നിട്ടും വ്യാപാരിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറായില്ല.

നിയമപോരാട്ടം
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണം ലഭിക്കാതിരുന്നതോടെയാണ് വെങ്കിടേശ്വര റാവു കാക്കിനാഡ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ കമ്മിഷൻ, കടയുടമ നിയമവിരുദ്ധമായി അധിക തുക ഈടാക്കിയതായി കണ്ടെത്തി. തുടർന്നാണ് കമ്മിഷൻ പ്രസിഡൻ്റ് സി.എച്ച്. രഘുപതി വസന്ത കുമാർ, അംഗങ്ങളായ ചക്ക സുഷി, ചഗന്തി നാഗേശ്വര റാവു എന്നിവർ ഉൾപ്പെട്ട ബെഞ്ച് കർശനമായ വിധി പ്രസ്താവിച്ചത്.

പിഴ വിവരങ്ങൾ
ഉപഭോക്താവിൽ നിന്ന് അധികമായി ഈടാക്കിയ ഏഴ് രൂപ തിരികെ നൽകാനാണ് ആദ്യ നിർദേശം. ഇതിനുപുറമെ, ഭക്തന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി 10,000 രൂപയും കോടതി ചെലവുകൾക്കായി 5,000 രൂപയും നഷ്ടപരിഹാരം നൽകണം. ഏറ്റവും പ്രധാനമായി, ഉപഭോക്തൃ ക്ഷേമ നിധിയിലേക്ക് ഏഴ് ലക്ഷം രൂപ പിഴയായി അടയ്ക്കാനും ഉത്തരവിട്ടു.

വിധി പുറപ്പെടുവിച്ച് 45 ദിവസത്തിനകം ഈ തുക മുഴുവൻ അടയ്ക്കണമെന്നും അല്ലാത്തപക്ഷം കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും കമ്മിഷൻ്റെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ചെറിയ തുകയുടെ ലാഭത്തിനായി ഉപഭോക്താക്കളെ കബളിപ്പിക്കുന്നവർക്ക് വലിയൊരു പാഠമാണ് ഈ സംഭവം. എം.ആർ.പിയേക്കാൾ കൂടുതൽ തുക ഈടാക്കുന്നത് വലിയ കുറ്റമാണെന്ന് ഈ വിധിയിലൂടെ കമ്മിഷൻ വീണ്ടും ഓർമപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here