ഇന്ത്യൻ റെയിൽവേയിൽ ചരക്കുകൾ ഇനി അതിവേഗം;

0
2

മുംബൈ: യാത്രാ ട്രെയിനുകളും ചരക്ക് ട്രെയിനുകളും ഒരേ പാളങ്ങളിലൂടെ ഓടുന്നത് ചില്ലറ പ്രശ്നങ്ങളും പ്രതിസന്ധികളുമല്ല ഉണ്ടാക്കാറുള്ളത്. പ്രത്യേകിച്ച് ഓണം, ദീപാവലി തുടങ്ങിയ ആഘോഷങ്ങളും സീസണുകളിൽ. ഈ സമയങ്ങളിൽ ചരക്കുകളുടെ അളവും യാത്രക്കാരുടെ എണ്ണം ഒരുമിച്ച് കൂടും. ഏത് ആദ്യമെത്തിക്കും എന്നത് റെയിൽവേയുടെ എന്നത്തെയും ഒരു ധര്‍മസങ്കടമാണ്. ഈ ധർമസങ്കടത്തിന് അറുതി വരുത്തുന്നതാണ് ചരക്കുനീക്കത്തിനുള്ള പ്രത്യേക കോറിഡോറുകൾ. ഇന്ത്യൻ റെയിൽവേയുടെ 2,843 കിലോമീറ്റർ ദൈർഘ്യമുള്ള ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ ( ഡിഎഫ്സി ) ശൃംഖല വൻ വിപ്ലവം തന്നെയാണെന്ന് പറയാം.

ചരക്ക് ഗതാഗതം വേഗത്തിലാക്കാൻ പൂർണ്ണമായും വൈദ്യുതീകരിച്ച പ്രത്യേക റെയിൽ പാതകളാണ് ഡിഎഫ്‌സിയിൽ ഉള്ളത്. ഇതിൽ രണ്ട് പ്രധാന ഇടനാഴികളുണ്ട്. ഈസ്റ്റേൺ കോറിഡോർ ആണ് അവയിലൊന്ന്. ഇത് 1,337 കിമീ ദൈർഘ്യമുള്ള പാതയാണ്. പഞ്ചാബിലെ ലുധിയാന മുതൽ ബിഹാറിലെ സോൺനഗർ വരെ. വെസ്റ്റേൺ കോറിഡോർ ആണ് മറ്റൊന്ന്. 1,506 കിമീ ദൈർഘ്യമുള്ള ഈ പാത ഉത്തർപ്രദേശിലെ ദാദ്രി മുതൽ മഹാരാഷ്ട്രയിലെ ജവാഹർലാൽ നെഹ്‌റു പോർട്ട് ടെർമിനൽ വരെ നീളുന്നു.

ആകെ 2,843 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ശൃംഖല ഇപ്പോൾ പൂർണ്ണമായും പ്രവർത്തനസജ്ജമാണ്.

സാധാരണ റെയിൽ പാതകളിൽ യാത്രക്കാരുടെ ട്രെയിനുകൾക്കും ചരക്ക് ട്രെയിനുകൾക്കും ഒരേ ട്രാക്ക് ഉപയോഗിക്കേണ്ടി വരുന്നത് മൂലം നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. യാത്രാ ട്രെയിനുകൾക്ക് മുൻഗണന നൽകുന്നതിനാൽ ചരക്ക് ട്രെയിനുകൾ മണിക്കൂറുകളോളം കാത്തുകിടക്കേണ്ടി വരുന്നുണ്ട്. പലപ്പോഴും ചരക്ക് വണ്ടികൾക്ക് കടന്നുപോകാൻ യാത്രാ ട്രെയിവുകളും കാത്തു കിടക്കുന്നു.

ചരക്കുകൾ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സാധിക്കാത്തത് വ്യവസായ മേഖലയെ വലിയ തോതിൽ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ചരക്ക് ഗതാഗത സംവിധാനങ്ങളിലൊന്ന് ഇങ്ങനെ പ്രതിസന്ധിയെ നേരിടുന്നത് വ്യാവസായിക വളര്‍ച്ചയെയാണ് ബാധിക്കുക. ചരക്ക് നീക്കത്തിലെ കാലതാമസം ഉൽപ്പന്നങ്ങൾ വിപണിയിലെത്താൻ കൂടുതൽ സമയമെടുക്കുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ചരക്ക് തീവണ്ടികൾക്ക് മാത്രമായി പ്രത്യേക പാത നിർമ്മിച്ചത്.

നീളം കൂടിയ ട്രെയിനുകളും രണ്ട് ലെയറുകളായി കണ്ടെയ്നറുകൾ അടുക്കിയ ട്രെയിനുകളും ഓടിക്കാൻ സാധിക്കുന്ന പാതകളാണ് ഈ ഡെഡിക്കേറ്റഡ് പാതകളിലുള്ളത്. ‌സാധാരണ പാതകളിലെ തടസ്സങ്ങളില്ലാത്തതിനാൽ ചരക്കുകൾ വളരെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തും. വ്യവസായ കേന്ദ്രങ്ങൾ, ഉൽപ്പാദന കേന്ദ്രങ്ങൾ, പ്രധാന വിപണികൾ, തുറമുഖങ്ങൾ എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന പാതകളാണ് ഈ പ്രത്യേക ചരക്കുപാതകൾ.

LEAVE A REPLY

Please enter your comment!
Please enter your name here