തിരുവനന്തപുരം: പ്രോട്ടോക്കോള്‍ ലംഘിച്ച് ഐഫോണ്‍ വാങ്ങിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ രൂക്ഷവിമര്‍ശനനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രോട്ടോക്കോള്‍ ലംഘിച്ചാണ് പാരിതോഷികമായി രമേശ് ചെന്നിത്തല ഐ ഫോണ്‍ വാങ്ങിയത്. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇതെല്ലാം പറയുന്നത്.
കെടി ജലീലിനെ ആക്രമിക്കാനും രാജി ആവശ്യപ്പെടാനും ഇതേ പ്രോട്ടോക്കോള്‍ ലംഘനമാണ് ചെന്നിത്തലയും കോണ്‍ഗ്രസും ഉന്നയിച്ചത്. അങ്ങനെയെങ്കില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച രമേശ് ചെന്നിത്തലയും രാജിവയ്ക്കണം. ചെന്നിത്തല രാജിവയ്ക്കണം എന്നു ഞാന്‍ ആവശ്യപ്പെടില്ല. കാരണം അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത് .
എന്തായാലും കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നു അദ്ദേഹത്തിന് മനസ്സിലായില്ലേ.
സ്വര്‍ണക്കടത്ത് കേസില്‍ ദുബായില്‍ നിന്നും സ്വര്‍ണം അയച്ചവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് മറ്റു പലതിലുമാണ് താത്പര്യം. സ്വര്‍ണക്കടത്ത് കേസ് ഒരു ബൂമറാംഗായി മാറുമെന്ന് നേരത്തെ പറഞ്ഞത് ഇപ്പോള്‍ ശരിയായി. സിബിഐ ഒരു കേസില്‍ അന്വേഷണം ഏറ്റെടുക്കുന്നതിന് വ്യവസ്ഥാപിത നടപടികളുണ്ട്. അതു പാലിക്കണം എന്നാണ് ഞങ്ങള്‍ പറയുന്നത്. എന്നാല്‍ സിബിഐക്ക് കേരളത്തിലേക്ക് പ്രവേശനമില്ലെന്ന നിലപാട് ഞങ്ങള്‍ക്കില്ല.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ബിജെപിയുമായി ചങ്ങാത്തമാണ്. കേന്ദ്രത്തിനെതിരെ പ്രതികരിക്കാന്‍ പോലും കോണ്‍ഗ്രസിന്‍്റെ സംസ്ഥാന നേതൃത്വത്തിന് സാധിക്കുന്നില്ല. സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. കൊവിഡ് പ്രതിരോധത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം. എല്ലാ നിയന്ത്രണങ്ങളും എല്ലാവരും പാലിക്കണം. അതീവ ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. എല്ലാത്തരം കൂട്ടായ്മകളെല്ലാം ഒഴിവാക്കണം.
ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണ് രാജ്യത്ത് ഉണ്ടാക്കുന്നത്. ഉത്തര്‍പ്രദേശിലെ ബലാത്സംഗവും കൊലപാതകവും അക്രമ സംഭവങ്ങളും ഞട്ടിക്കുന്നതാണ്. അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ യുപി പൊലീസിന്‍്റെ നടപടി അപലപനീയമാണെന്നും കോടിയേരി പറഞ്ഞു.