ഇടുക്കി: ഒരു വ്യാഴവട്ട കാലത്തിന്‍റെ കാത്തിരിപ്പിനൊടുവിൽ തെക്കിന്‍റെ കശ്‌മീരായ മൂന്നാറിന്‍റെ താഴ്‌വരകളെ വീണ്ടും നീലപ്പട്ട് അണിയിച്ച് കുറിഞ്ഞി വസന്തം. പ്രകൃതിയുടെ അപൂർവ ചാരുതയ്ക്ക് ഇത്തവണ വേദിയായിരിക്കുന്നത് ഇടുക്കി ബൈസൺവാലി പഞ്ചായത്തിലെ പ്രകൃതിമനോഹരമായ ചൊക്രമുടി മലനിരകളാണ്. കൈയേറ്റക്കാരുടെ കൈകളിൽ നിന്ന് റവന്യൂ വകുപ്പ് തിരിച്ച് പിടിച്ച മണ്ണിൽ പശ്ചിമഘട്ടത്തിന്‍റെ സ്വന്തം നീലക്കുറിഞ്ഞികൾ പൂത്തുലയുമ്പോൾ അത് പ്രകൃതിയുടെ മനോഹരമായ തിരിച്ചുവരവ് കൂടിയാണ്.
ഇടയ്ക്കിടെ കാഴ്‌ചവട്ടങ്ങളെ മറയ്ക്കുന്ന കോടമഞ്ഞ്… നനുത്ത മഴത്തുള്ളികളിൽ നനഞ്ഞ് നിൽക്കുന്ന പാറക്കെട്ടുകൾ… കാറ്റിനൊപ്പം തലയാട്ടി സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന കുറിഞ്ഞിപ്പൂക്കൾ… ഇടുക്കിയുടെ വന്യസൗന്ദര്യത്തിന് മാറ്റുകൂട്ടി ചൊക്രമുടി മലനിരകൾ ഇപ്പോൾ വസന്തത്തിന്‍റെ നീലക്കുറിപ്പുകൾ എഴുതുകയാണ്.
ഒരുകാലത്ത് കൈയേറ്റക്കാരുടെ കൈവശമായിരുന്ന ഭൂമിയാണ് ഇത്. നീതിന്യായ വ്യവസ്ഥയും റവന്യൂ വകുപ്പും ചേർന്ന് കൈയേറ്റക്കാരിൽ നിന്ന് തിരിച്ച് പിടിച്ച അതേ മണ്ണിലാണ് ഇപ്പോൾ പ്രകൃതി സ്വന്തം നീല പരവതാനി വിരിച്ചിരിക്കുന്നത്. ‘സ്ട്രോബിലാന്തസ് കുന്തിയാന’ (Strobilanthes kunthiana) എന്നറിയപ്പെടുന്ന നീലക്കുറിഞ്ഞികൾ പശ്ചിമഘട്ടത്തിന്‍റെ മാത്രം സവിശേഷതയാണ്. 12 വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന ഈ സസ്യങ്ങളിൽ നിന്നുമാണ് പശ്ചിമഘട്ടത്തിന് നീലഗിരി എന്ന പേര് വന്നത്.
ഇതിന് മുമ്പ് കുറിഞ്ഞി വിരുന്നെത്തിയത് 2014-ആണ്. കൃത്യം 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ചൊക്രമുടി പൂക്കളുടെ താഴ്‌വരയായി മാറുന്നു. തുടർച്ചയായി പെയ്യുന്ന മഴ പൂക്കൾ പൂർണമായി വിടരുന്നതിന് നേരിയ തടസം സൃഷ്‌ടിക്കുന്നുണ്ടെങ്കിലും മൊട്ടിട്ട് നിൽക്കുന്ന ചെടികളും കോടമഞ്ഞും ചേർന്ന് ചൊക്രമുടിയെ അതിമനോഹരമായ ഒരു കാൻവാസാക്കി മാറ്റിയിരിക്കുകയാണ്. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ് റോഡിൽ നിന്ന് ചെമ്മണ്ണാർ – ഗ്യാപ്പ് റോഡ് വഴി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ചൊക്രമുടിയിലെ ഈ നീല വസന്തത്തിലെത്താം.
ബൈസൺവാലി, രാജകുമാരി, രാജാക്കാട് എന്നീ പഞ്ചായത്തുകളിൽ നിന്നും ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സൗകര്യമുണ്ട്. മഴ മാറി വെയിൽ തെളിയുന്നതോടെ വരും ദിവസങ്ങളിൽ ചൊക്രമുടി പൂർണമായും നീലക്കടലായി മാറും. പ്രകൃതി ഒരുക്കിയ ഈ അപൂർവ ദൃശ്യവിരുന്ന് ആസ്വദിക്കാൻ ഇതിനകം തന്നെ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി കഴിഞ്ഞു.
ബൈസണ്‍ വാലിയില്‍ നിരവധി നീലക്കുറിഞ്ഞി വസന്തമാണെന്ന് പ്രദേശവാസിയായ ജി ആനന്ദൻ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ പൂക്കള്‍ പൂര്‍ണമായും വിരിയും. അപ്പോള്‍ മനോഹരമായ കാഴ്‌ച കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. നീലക്കുറിഞ്ഞി പൂത്തതോടെ മേഖലയില്‍ നിരവധി പേരെത്തുന്നുണ്ട്. അതുകൊണ്ട് ഇത് പഞ്ചായത്ത് ഭരണസമിതികള്‍ ഇത് ഏറ്റെടുക്കണം. മാത്രമല്ല ടിക്കറ്റ് വച്ച് ഈ സ്ഥലത്തേക്ക് സന്ദര്‍ശകരെ കയറ്റിവിടാനുള്ള നടപടികളും ഉണ്ടാകണം. അത്തരം നടപടികള്‍ ഉണ്ടായാല്‍ ഈ സ്ഥലത്തെ നന്നായി പരിപാലിക്കാന്‍ സാധിക്കും. മാത്രമല്ല കൂടുതല്‍ പേര്‍ക്ക് ഈ കാഴ്‌ച കാണാനുള്ള അവസരമുണ്ടാകും. ഈ നീലവസന്തം കാണാനും ആസ്വദിക്കാനും എല്ലാവരും എത്തണമെന്നും ആനന്ദന്‍ പറഞ്ഞു.
നിലവില്‍ കുറച്ച് സ്ഥലത്താണ് നീലക്കുറിഞ്ഞി പൂത്തിട്ടുള്ളത്. വരും ദിവസങ്ങളിലും ഇനിയും പൂക്കള്‍ വിരിയുമെന്ന് പ്രദേശവാസിയായ സിജു ജേക്കബ് പറഞ്ഞു. നീലക്കുറിഞ്ഞി വസന്തം കാണാന്‍ ഇവിടെ എത്തിച്ചേരാന്‍ വളരെ എളുപ്പമാണ്. ബൈസണ്‍ വാലിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ളത്. നീലക്കുറിഞ്ഞി ഇല്ലെങ്കില്‍ പോലും വളരെ മനോഹരമായ സ്ഥലമാണിത്. ഇവിടെ കാലാവസ്ഥയും ഏറെ നല്ലതാണ്. പാടശേഖരത്തിന്‍റെ വിദൂര ദൃശ്യങ്ങളും ആസ്വദിക്കാം. നിലവില്‍ മഴ കുറിഞ്ഞി പൂക്കുന്നതിന് തടസങ്ങളൊന്നും സൃഷ്‌ടിക്കുന്നില്ല. 12 വര്‍ഷം മുമ്പ് പൂക്കള്‍ വിരിഞ്ഞപ്പോഴും മഴയുണ്ടായിരുന്നു. എന്നാലത് പൂക്കളുടെയോ ചെടികളുടെയോ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിരുന്നില്ലെന്നും സിജു ജേക്കബ് പറഞ്ഞു.








